ഓണാഘോഷമെന്നാല്‍ എല്ലാവരും ഒരുമിച്ചുള്ള ആഘോഷമാണ്. ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഈ ഓണാഘോഷം തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ്. ട്രസ്റ്റ് ആദ്യമായി ഓണ സദ്യ ഒരുക്കിയിരിക്കുകയാണ് ജീവനക്കാര്‍ക്ക്. ഇത് അപൂര്‍വ്വവുമാണ്.
മലയാളികള്‍ എവിടുണ്ടോ അവിടെ ഓണം ഒരു വലിയ ആഘോഷമാണ്. ഇപ്പോഴിതാ മലയാളി ജീവനക്കാര്‍ മാത്രമല്ല ബ്രിട്ടീഷ് ജീവനക്കാരും ഓണത്തിന്റെ തനതായ വസ്ത്രമണിഞ്ഞ് എത്തി ഓണസദ്യ ആസ്വദിച്ചിരിക്കുകയാണ്.
ഗ്ലോസ്റ്റര്‍ ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ബ്രിട്ടീഷ് ജീവനക്കാര്‍ മുണ്ടും നേരിതും അണിഞ്ഞെത്തിയപ്പോള്‍ അത് കൗതുകവും ഒപ്പം മനസിന് കുളിര്‍മയേകുന്ന ഒരു കാഴ്ച കൂടിയായി. മലയാളികളുടെ സ്‌നേഹം തൊട്ടറിഞ്ഞ് അവരുടെ കൂടെ കൂടി ആഘോഷത്തില്‍ പങ്കാളികളാകാന്‍ കാണിച്ച ബ്രിട്ടീഷ് ജീവനക്കാരുടെ ”വൈബ് ”സോഷ്യല്‍മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള മലയാളി ബെന്നി ഉലഹന്നാനും സഹ ജീവനക്കാരും ചേര്‍ന്നാണ് രുചികരമായ ഓണ സദ്യ ഒരുക്കിയത്. മുന്നൂറോളം പേര്‍ ഓണസദ്യ ആസ്വദിക്കുകയും ചെയ്തു.
നേരത്തെ ക്യാന്റീനില്‍ ദോശയും ചമ്മന്തിയും സാമ്പാറും വിളമ്പി ഇവിടം ശ്രദ്ധ നേടിയിരുന്നു.
യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലിചെയ്യുന്ന ആശുപത്രികളില്‍ ഒന്നായ ഗ്ലോസ്റ്ററില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. ഓണസദ്യയും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.
ന്യൂട്രിഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ വീക്കിന്റെ ഭാഗമായി എന്‍എച്ച്എസ് ക്യാന്റീനില്‍ ഒരുക്കിയ തട്ടു ദോശകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇപ്പോഴിതാ വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും വൈറലായി കഴിഞ്ഞു.
ഓണം അങ്ങനെ ആഘോഷിക്കുകയാണ്. അതിര്‍വരമ്പുകളില്ലാതെ… ഗ്ലോസ്റ്റര്‍ മലയാളികളാകെ ഏറ്റെടുത്തുകഴിഞ്ഞു ഈ എന്‍എച്ച്എസ് ഓണാഘോഷം.
Leave a Reply