ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. നവംബർ 21-ാം തീയതി രാത്രി 12 മണി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോകത്ത് ഇപ്പോൾ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് സുവിധ പോർട്ടലിൽ രജിസ്ട്രേഷൻ പിൻവലിക്കുന്നതെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപന നിരക്ക് ഉയരുകയാണെങ്കിൽ സുവിധ രജിസ്ട്രേഷൻ പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യുകെ മലയാളികൾ ഉൾപ്പെടെ വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് എയർ സുവിധ പോർട്ടലിലെ രജിസ്ട്രേഷൻ കടുത്ത ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. പലരും യാത്രയ്ക്കായി എയർപോർട്ടിൽ ചെല്ലുമ്പോളായിരുന്നു പോർട്ടൽ രജിസ്ട്രേഷനെ കുറിച്ച് അറിഞ്ഞിരുന്നത്. പല സാങ്കേതിക പ്രശ്നങ്ങൾ മൂലം പോർട്ടൽ ലഭ്യമാകാതിരുന്നതിനെ കുറിച്ചുള്ള പരാതികളും ഒട്ടേറെയായിരുന്നു.
യുകെ ഉൾപ്പെടെ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും ഇന്ത്യ എയർ സുവിധ ആപ്പിലെ രജിസ്ട്രേഷൻ തുടരുന്നതിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നുവന്നിരുന്നു.
Leave a Reply