ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് , ഫേസ്ബുക്ക് മെസഞ്ചറും തിങ്കളാഴ്ച ഏതാണ്ട് ഏഴ് മണിക്കൂറോളം പണിമുടക്കി. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഏകദേശം 160 മില്യൺ ഡോളർ (117 മില്യൺ പൗണ്ട് ) നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഫേസ്ബുക്കിൻ്റെ ഓഹരി മൂല്യത്തിൽ 5 ശതമാനം കുറവാണ് ഉണ്ടായത്. തകരാറിൻ്റെ യഥാർത്ഥകാരണം ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടില്ല . എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

തിങ്കളാഴ്ച ഇന്ത്യൻ സമയം 9 മണി മുതൽ സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്പും, ഫേസ്ബുക്കും , ഇൻസ്റ്റഗ്രാമിൻ്റെയും ഉപഭോക്താക്കൾക്ക് കാളരാത്രിയായിരുന്നു. സ്വകാര്യ നിമിഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കുന്നവരും ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉൾപ്പെടെ ഉപയോഗിക്കുന്നവരും തകരാറിൻെറ തുടക്കത്തിൽ കാര്യമറിയാതെ പരിഭ്രാന്തരായി . വാട്സാപ്പ് മെസ്സേജ് അയക്കാൻ സാധിക്കാത്തവരിൽ ഭൂരിപക്ഷത്തിനും ആദ്യം കാരണം വ്യക്തമായില്ല. മിക്കവരും തന്നെ തങ്ങളുടെ ഇൻറർനെറ്റ് പ്രശ്നങ്ങൾമൂലമോ ഫോണിൻറെ തകരാർ മൂലമോ ആണ് സന്ദേശങ്ങൾ അയക്കാൻ പറ്റാത്തതെന്നാണ് കരുതിയത്. പലരും ഒന്നിലേറെ തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു . പിന്നീട് ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഫോൺ കോളിലൂടെയും തകരാർ തങ്ങളുടെ ഇൻറർനെറ്റിൻെറയോ ഫോണിൻെറയോ അല്ല എന്നറിഞ്ഞതിൽ സന്തോഷിച്ചെങ്കിലും പരിഹാരം എന്നുണ്ടാകുമെന്നുള്ള കാര്യത്തിൽ ആശങ്കയിലായിരുന്നു. തകരാർ പരിഹരിച്ചതിന് ശേഷം ആശ്വാസത്തോടെ ഉള്ള പോസ്റ്റുകളും പരിഹാസ ട്രോളുകളും കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.