തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: യു കെ യിലെ ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ, തികച്ചും ഒരു ജനകീയ
നായി മാറ്റപ്പെട്ട വ്യക്തിത്വം.. അതിന് പ്രകാശം പകരുന്ന വിടർന്ന ചിരി..ഒന്നു വിളിച്ചാൽ വിളിപ്പുറത്ത് ..
നിസ്വാര്‍ത്ഥമായ സഹായത്തിനായി ജാതിമത വേർതിരുവുകളില്ലാതെ നീട്ടി തന്നിരുന്ന കൈകൾ.. ഇന്ന് ഇതെല്ലാം നല്ല ഓർമ്മകളായി തന്ന്, ഓരോ നെഞ്ചിലും ഒരു നെരിപ്പോട് എരിയിച്ചു കൊണ്ടാണ് ജോസ് കണ്ണങ്കര ഈ ലോകത്തോട് വിട ചൊല്ലിയിരിക്കുന്നത്…തികച്ചും ആകസ്മികമായിരുന്നു ആ സ്നേഹ സമ്പന്നന്റെ ഒരിക്കലും മടങ്ങിവരാത്ത ആ കടന്നു പോകൽ. ആഴ്ച ഒന്ന് പിന്നിടുമ്പോഴും ജോസിന്റെ മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ലിവർപൂളിലെ മലയാളി സമൂഹത്തിന്.
തങ്ങളുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി ,അന്ത്യയാത്രാമൊഴി ചൊല്ലുവാനായി നൂറ് കണക്കിന്പേർ നാളെയും മറ്റെന്നാളുമായി ബിർകെൻഹെഡിലേയ്ക്ക് എത്തിച്ചേരും.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ഏറെ ആണെങ്കിലും,ഇതിനോടകം അഞ്ഞൂറിൽ പരം പേരാണ് തങ്ങളുടെ മുന്നിൽ എന്നും വിടർന്ന ചിരിയും സൗഹൃദവും സമ്മാനിച്ച ആ ആത്മമിത്രത്തെ അവസാനമായി ഒരുനോക്ക് കാണുവാനായി ഓൺലൈൻ ബുക്കിങ്ങിലൂടെ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നത്.
പൊതുദർശനത്തിന് ഒരു ദിവസം തികച്ചും പര്യാപ്തമല്ലെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് അടുത്ത രണ്ടു ദിവസങ്ങളിലായി അന്ത്യോപചാരം അർപ്പിക്കുന്നതിനായി അവസരം ഒരുക്കിയിട്ടുള്ളത്. ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ് നാളെയും,മറ്റൊന്നാളെയുമായി
(ചൊവ്വാ,ബുധൻ ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4മണി വരെയാണ് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരം പൊതു ദർശനത്തിനായി വയ്ക്കുക. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച്, ഒരേ സമയം 6 പേർ വീതം മാത്ര മായിരിക്കും അന്ത്യോപചാരം അർപ്പിക്കുന്നതിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുള്ള ഹാളിലേയ്ക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി കഴിഞ്ഞു.
ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5ന് വെള്ളിയാഴ്ച ലിവർപൂളിലെ ലിതർലാന്റ് ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ, ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്, ലിവർപൂളിലെ ഏറ്റവും പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിൽ പ്രത്യേകം
തയ്യാറാക്കിയിരിക്കുന്ന കല്ലറയിൽ ജോസിനെ സംസ്കരിക്കുന്നതുമായിരിക്കും . എന്നാൽ യുകെയിലെ നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് ദേവാലയത്തിലും
സെമിത്തേരിയിലുമായി ജോസിന്റെ കുടുംബാംഗങ്ങൾ അടക്കം 30 പേർക്ക് മാത്രമേ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിനായി വീഡിയോ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.
അടൂർ നെല്ലിമുകൾ കാഞ്ഞിരങ്ങാട്ട് കുടുംബാംഗമാണ് ജോസ്. പരേതരായ കെ.എം ഇടിക്കുളയുടെയും, ഏലിക്കുട്ടിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകനാണ് ജോസ്. ജോർജ്കുട്ടി,(മസ്കറ്റ് )ലീലാമ്മ ,ബാബു,
രാജൻ, തോമസ്, കുഞ്ഞമ്മ, ലിസ്സി (അടൂർ)റെജി (കോലഞ്ചേരി) എന്നിവരാണ് സോദരങ്ങൾ. കൊറ്റനല്ലൂർ ,
മണക്കാല മർത്തശ് മൂനി ഇടവക അംഗമാണ് പരേതൻ. ഭാര്യ സൂസൻ കല്ലൂർക്കാട്, കളമ്പുകാട്ട് പരേതനായ
കുര്യൻ ജോസഫിന്റെയും, അന്നക്കുട്ടിയുടെയും മകളാണ്. സൂസന്റെ ഇളയ സഹോദരി സാലിയും കുടുംബവും ലിവർപൂളിൽ തന്നെയുണ്ട്. ഏക മകൾ രേഷ്മ മാഞ്ചസറ്ററിലെ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ എഡ്യുക്കേഷൻ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നു. ഭാര്യ സൂസനും ഏകമകൾ രേഷ്മയുമൊത്തുള്ള നീണ്ട 12 വർഷക്കാലത്തെ മസ്കറ്റിലെ പ്രവാസ ജീവിതത്തിന് ശേഷം, 2006ലാണ് ലിവർപൂൾ മണ്ണിലേക്ക് അദ്ദേഹം കടന്നുവരുന്നത്. ഇവിടെ വന്ന കാലം മുതൽ ഏതൊരു വ്യക്തിയെയും തന്റെ സ്വസിദ്ധമായ വിടർന്ന ചിരി സമ്മാനിച്ചുകൊണ്ട് അങ്ങോട്ടു കയറി പരിചയപ്പെടുകയും എറെ വാചാലനാവുകയും ചെയ്തിരുന്ന ജോസ് കണ്ണങ്കര എന്ന പച്ചയായ മനുഷ്യൻ ലിവർപൂളിലെ ഓരോ കുടുംബത്തെയും വ്യക്തിപരമായിഅറിഞ്ഞിരുന്നു. അതിലൂടെ ഒരു പരസഹായിയായി മാറുകയായിരുന്നു ഈ ജനകീയൻ.
എവിടെയൊക്കെ ജോസ് ജോലിചെയ്തിട്ടുണ്ടോ,അവിടെയെല്ലാം നല്ലൊരു സുഹൃത്ത് ബന്ധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് മലയാളികളുടെ ഇടയിൽ മാത്രമായിരുന്നില്ല. ലിവർപൂളിൽ അധിവസിക്കുന്ന അന്യസംസ്ഥാനക്കാരും, ശ്രീലങ്കൻസുമൊക്കെ തങ്ങളുടെ ജോസ് ബായിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് അറിഞ്ഞത്.ഇനി ജോസ് കണ്ണങ്കര ഇല്ലാത്ത ഒരു ലിവർപൂൾ മലയാളി സമൂഹം.. അതിലൊരു ശൂന്യത അലയടിക്കുന്നതുപോലെ ….
Leave a Reply