യുകെമലയാളി യുവാവിന് ബസ് യാത്രയ്ക്കിടെ ദാരുണമായി അക്രമണത്തിന് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ വയനാട് സ്വദേശിയായ യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം.
താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് രാത്രി 10 മുതൽ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിക്ക് കയറുവാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു യുവാവ്. ബസിൽ കയറും മുൻപ് യുവാവിനെ പിൻതുടർന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടെ അക്രമം നടത്തുകയായിരുന്നു. യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും, എയർപോഡും ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചപ്പോൾ ഗുരുതരമായി ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . യുവാവിന്റെ തല അതി ക്രൂരമായി ബസിന്റെ ജനാലയോട് ചേർത്തുവച്ച് ചവിട്ടുകയും ചെയ്തു .
ആക്രമണത്തെ തുടർന്ന് ബസ് നിർത്തിയപ്പോൾ ഡോർ തുറന്ന് അക്രമകാരി ഓടി രക്ഷപെട്ടു. ബസ് ജീവനക്കാർ പ്ലിമത്ത് പൊലീസിനെ ബന്ധപ്പെടുകയും, പൊലീസ് എത്തി തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
അക്രമിയെ രാത്രി ഏറെ വൈകി പിടികൂടിയതായി പൊലീസ് യുവാവിനെ അറിയിച്ചു. തദ്ദേശീയനും പ്രദേശവാസിയും സ്ഥിരം അക്രമികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാൻ പൊലീസിനെ സഹായിച്ചത്. യുവാവ് നിലവിൽ പ്ലിമത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
തലയ്ക്ക് സിടി സ്കാൻ ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമായതായാണ് ലഭ്യമാകുന്ന വിവരം. ബസിന് എകദേശം 4,000 പൗണ്ടിന്റെ നാശനഷ്ടം സംഭിച്ചതായാണ് പ്രാഥമിക നിഗമനം. യുവാവിന്റെ ഫോണിനും എയർപോഡിനും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി ബസ് പൊലീസ് കസ്റ്റഡിയിലാണ്. യുവാവിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു.
Leave a Reply