ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിധിയുടെ വിളയാട്ടത്തിന്റെ ഫലമായി ചൂടു കണ്ണീരിൽ കുതിർന്ന ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ യുകെ മലയാളിയും പ്രതിശ്രുത വധുവും ദാരുണമായി കൊല്ലപ്പെട്ടു. യുകെയിൽ എൻജിനീയർ ആയ അഖിൽ അലക്സും ( 27) സൗദിയിൽ നേഴ്സായി ജോലി ചെയ്യുന്ന ടീന (26) യുമാണ് വാഹനാപകടത്തിൽ ധാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും അടുത്ത ജൂൺ 16-ാം തീയതി നാട്ടിൽ വെച്ച് വിവാഹം കഴിക്കാനിരിക്കെയാണ് ദാരുണമായ ദുരന്തം ഉണ്ടായത് .
വയനാട് അമ്പലവയൽ ഇളയിടത്ത് മഠത്തിൽ ആണ് അഖിൽ അലക്സിന്റെ കുടുംബം. സൗദിയിൽ കാർഡിയാക് സെൻററിൽ നേഴ്സായ ടീന വയനാട് നടവയൽ നെയ്ക്കുപ്പക്കാരി കുന്നേൽ കുടുംബാംഗമാണ്.
അഖിലിന്റെ അനിയൻ നേഴ്സായ ഡെനിൻ അലക്സും യുകെയിൽ തന്നെയാണ് ഉള്ളത് . വിവാഹശേഷം അഖിലിനൊപ്പം ടീന യുകെയിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീന സൗദിയിലെ ജോലി രാജി വെച്ചിരുന്നു.
അവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ഫലമായി കാറുകൾക്ക് തീപിടിച്ചതിനാൽ ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തി കരിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അഖിലിന്റെയും ടീനയുടെയും അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലികൾ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
Leave a Reply