ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022 ൽ യുകെയിലെത്തിയ സഫാന -അമീർ യുവദമ്പതികളുടെ രണ്ട് വയസുള്ള മകന് വിധിയുടെ ക്രൂരമായ വിളയാട്ടം. 2022 മെയിലാണ് സഫാന ലണ്ടൻ ബറോ ഓഫ് വാൻഡ്‌സ്‌വർത്തിൽ സ്ഥിതി ചെയ്യുന്ന റോഹാംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനായി എത്തിയത്. സഫാനയുടെ ഭർത്താവ് അമീറും രണ്ട് വയസ്സുള്ള മകൻ ഇനായത്തും യുകെയിൽ വരാൻ തയ്യാറെടുക്കുമ്പോഴാണ് കുട്ടിക്ക് രക്താർബുദം ബാധിച്ചതായി കണ്ടെത്തിയത്. എന്നാൽ യുകെയിൽ എത്തിയ ഉടൻ കുട്ടിയ്ക്ക് ചികിത്സ നൽകി ആരോഗ്യം മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ഇനായത്ത് ഇപ്പോൾ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. 2022 ഒക്ടോബർ ആരംഭത്തിൽ പനിയും ശരീര വീർക്കലിനെയും തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്താർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. നിലവിൽ ട്യൂബിലൂടെയാണ് കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുന്നത്.

ഇനായത്തിൻെറ ചികിത്സ 2.5 വർഷം വരെ നീണ്ടുനിൽക്കുമെന്ന് ഡോക്ടർമാർ പറയുന്നത്. പ്രാഥമിക ചികിത്സയിൽ കീമോതെറാപ്പിയും സ്റ്റിറോയിഡുകളുമാണ് ഉള്ളത്. പതിവ് ചികിത്സകൾ ആ കുഞ്ഞ് ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. പല രാത്രികളിലും വേദന കാരണം കുട്ടിയ്ക്ക് ഉറങ്ങാൻ സാധിക്കാറില്ല. തങ്ങളുടെ മകന് അനുയോജ്യമായ ഒരു താമസ സ്ഥലം തനിക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സഫാന പറഞ്ഞു. കുട്ടിയ്ക്ക് പ്രതിരോധ ശേഷി കുറവായതിനാൽ മറ്റുള്ളവരോടൊപ്പം കുളിമുറിയും അടുക്കളയും ഉപയോഗിക്കുകയാണെങ്കിൽ, അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ട്. ഒരു സാധാരണയുള്ള ബാത്റൂം അറ്റാച്ച്ഡ് റൂമിന് £1,000-ൽ കൂടുതൽ നൽകണം അത് ഇപ്പോൾ തങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ ആണെന്ന് അവർ പറഞ്ഞു. സഫാന പഠനാവശ്യത്തിനായി പോകുന്ന സമയം അമീർ ഒറ്റയ്ക്കാണ് കുട്ടിയെ പരിപാലിക്കുന്നത്.

കുഞ്ഞിൻെറ ഉയർന്നു വരുന്ന ഹോസ്പിറ്റൽ ചിലവുകൾക്കും പുതിയ താമസ സ്ഥലത്തിനും വേണ്ടിയുള്ള പണം സ്വരൂപിക്കുക എന്നുള്ളത് നിലവിൽ ഇവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇനായത്തിൻെറ ചികിത്സയ്ക്ക് സഹായിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

https://www.gofundme.com/f/help-our-son-inayath-suffering-from-leukemia