ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്തെന്റില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായ ജീസണ്‍ ഡേവിസിൻെറ(33) മരണ വാർത്തയുടെ ഞെട്ടലിലാണ് യുകെയിലെ സുഹൃത്തുക്കൾ. ഏതാനും ദിവസത്തെ അവധിക്കു സ്വദേശമായ ചാലക്കുടിയില്‍ എത്തിയ ജീസണെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ചാലക്കുടിയിലെ മുരിങ്ങൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ടുനിന്നവര്‍ സൂചന നല്‍കിയെങ്കിലും യുവാവ് പാളം മുറിച്ചു കടക്കുക ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. സംഭവ സ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാര ചടങ്ങുകള്‍ കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിലെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

അന്നനാട് തളിയത് കുടുംബാംഗമാണ് ജീസണ്‍ ഡേവിസ്. പഠന രംഗത്ത് മിടുക്കനായിരുന്ന ജീസണ്‍ നഴ്സിങ് പഠന ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആയി ജോലി ലഭിച്ചിരുന്നു. ഏതാനും നാള്‍ ഇവിടെ ജോലി ചെയ്യുമ്പോഴാണ് യുകെയിലേയ്ക്ക് നഴ്‌സുമാര്‍ക്കുള്ള റിക്രൂട്ട്മെന്റ് സൗജന്യമായി നടക്കുന്നത് അറിയുന്നത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ജോലി വേണ്ടെന്നു വച്ച് യുകെയില്‍ എത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌നേഹം കൊണ്ട് ജീസപ്പാ എന്നാണ് കൂട്ടുകാര്‍ ജീസണിനെ വിളിച്ചിരുന്നത്. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന കൂട്ടുകാരനായിരുന്നു ജീസണ്‍ സുഹൃത്തുക്കള്‍ക്ക്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ എല്ലാം കൂടെത്തിയിട്ടും വിധി കനിവ് കാട്ടാന്‍ തയ്യാറായില്ലല്ലോ എന്നാണ് ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി ജീസണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍.

ജീസണ്‍ ഡേവിസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.