ന്യൂസ് ഡെസ്ക് മലയാളം യുകെ

നസാനിൻ സാഘരി-റാറ്റ്ക്ലിഫ്, അനൂഷെ അഷൂരി എന്നിവർ വർഷങ്ങളോളമുള്ള ഇറാനിലെ തടങ്കലിന് ശേഷം യുകെയിലേക്ക് എത്തി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നസാനിൻ സഗാരി റാഡ്ക്ലിഫിൻെറ 7 വയസ്സുള്ള മകൾ ഗബ്രിയേല അമ്മയെ കണ്ടതിൻെറ സന്തോഷത്തിലാണ് അഷൂരിയുടെ മകൾ എലികയ്യും തൻെറ പിതാവിനെ കണ്ടുമുട്ടിയതിൻെറ സന്തോഷം വീഡിയോ വഴി പങ്കിട്ടു.

ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു. നസാനിന്റെ മോചനത്തിനായി ഭർത്താവ് റിച്ചാർഡും മകൾ ഗബ്രിയേലയും കഴിഞ്ഞ വർഷം നിരാഹാര സമരം നടത്തിയിരുന്നു. മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നസാനിൻ ജയിലിലായത്.

തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് യുകെ ഇറാന് 405 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുണ്ട്. ഇറാനോടുള്ള കടം തീർപ്പാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് സ്ഥിരീകരിച്ചു. കടവും റാഡ്ക്ലിഫിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ്, ഇറാനിയൻ സർക്കാരുകൾ അവകാശപ്പെട്ടെങ്കിലും കടം തീർത്താൽ റാഡ്ക്ലിഫിനെ വിട്ടയക്കാമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി 2021 ൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 1979ന് മുൻപ് യുദ്ധ ടാങ്കുകൾ വാങ്ങാനായി ഇറാനിയൻ ഷാ 400 മില്യൺ പൗണ്ട് ബ്രിട്ടന് നൽകിയെങ്കിലും ഓർഡർ റദ്ദാക്കിയിരുന്നു. ഈ കടമാണ് ഇപ്പോൾ വീട്ടിയത്.