ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാൾസ് മൂന്നാമൻ രാജാവിൻറെ ഒന്നാം ജന്മദിനത്തിൽ ആദരിക്കപ്പെടുന്ന പ്രമുഖരിൽ യുകെ മലയാളിയായ ജോയ്സി ജോണും ഇടം പിടിച്ചു. നൈപുണ്യ മേഖലയിലെ മികവിനും സംഭാവനകൾക്കുമാണ് ജോയ്സിയെ ആദരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ മേഖലകളിലും വെൽഷ് ഗവൺമെന്റിന്റെ വിദഗ്ധസമിതികളിലും ജോയ്സി ഉപദേശകയായി മികച്ച സേവനം നൽകിയതിനെ തുടർന്നാണ് ബഹുമതി തേടിയെത്തിയത്.
യുകെയുടെ സ്കിൽ ഡെവലപ്പ്മെൻ്റ് ഫൗണ്ടേഷനായ നെസ്റ്റയിൽ വിദ്യാഭ്യാസ ഡയറക്ടറും നാഷണൽ കോളേജ് ഫോർ ഡിജിറ്റൽ സ്‌കിൽസ് ആയ അഡയുടെ ചീഫ് ഇൻഡസ്ട്രി ഓഫീസറും ആയി ജോയ്സി പ്രവർത്തിച്ചിരുന്നു. സിംഗപ്പൂർ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ബാങ്കിംഗ് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചതിനു ശേഷമാണ് സ്ത്രീകളുടെയും പ്രത്യേകിച്ച് താഴ്ന്ന വരുമാന മാർഗ്ഗമുള്ളവരുടെയും നൈപുണ്യ വികസനത്തിനായി പ്രവർത്തിക്കാൻ അവർ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു .
സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദവും ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎയും നേടിയിട്ടുണ്ട്. കേരളത്തിലെ തൃശൂർ ജില്ലയിലെ മാള സ്വദേശിയായ ജോയ്സി കാൺപൂരിലാണ് വളർന്നത്. ഭർത്താവ് ടോണി തോമസ് . ഇൻവെനിയോ കൺസൾട്ടിങ്ങിന്റെ ഡയറക്ടർ ടോണി തോമസ് ആണ് . രണ്ട് പെൺമക്കൾ: അമേലിയ, എലനോർ .
മലയാളിയായ അധ്യാപകൻ പി . എ മുഹമ്മദ് ബഷീർ ബ്രിട്ടന്റെ ഉന്നത പദവി നേടിയത് മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെതിരുന്നു.. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അദ്ദേഹത്തിന് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാരം ആണ് ലഭിച്ചത്. എൻജിനീയറിങ് രംഗത്തുള്ള സംഭാവനകളെ പരിഗണിച്ചാണ് പ്രൊഫസർ മുഹമ്മദ് ബഷീറിന് പുരസ്കാരം ലഭിച്ചത്. യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിയിൽ എക്സിക്യൂട്ടീവ് ഡീനായി ചുമതലയേൽക്കും. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവനീത് ( ലണ്ടൻ).
വിവിധ മേഖലകളിൽ നിന്ന് 1171 പേർക്കാണ് ബഹുമതികൾ ലഭിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവായതിനു ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് .പ്രൊഫസർ മുഹമ്മദ് ബഷീറിനെയും ജോയ്‌സി ജോണിനെയും കൂടാതെ കൂടാതെ അൻപതോളം ഇന്ത്യൻ വംശജരും അവാർഡിന് അർഹരായിട്ടുണ്ട്.
Leave a Reply