ന്യൂസ് ഡെസ്ക് മലയാളം യുകെ.

ബർമ്മിംഗ്ഹാം: യുകെയിലെ റെഡ്ഡിച്ചിൽ താമസിക്കുന്ന മലയാളി നഴ്സ് ഷീജ കൃഷ്ണൻ ആത്മഹത്യ ചെയ്തു എന്ന വാർത്തയെ തുടർന്നുണ്ടായ ചർച്ചകൾ മലയാളികളുടെയിടയിൽ വളരെയധികം ചിന്തകൾക്ക് കാരണമായി. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം വീടിനോട് ചേർന്നുള്ള ഗാരേജിലാണ് ഷീജ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയ്ക്ക് മുമ്പ് ഷീജ സ്വന്തം കുടുംബത്തിലെയ്ക്ക് ആത്മഹത്യ കുറിപ്പ് വോയിസ് മെസേജായി ആയ്ച്ചുകൊടുത്തിരുന്നു. ഭർത്താവിൻ്റെ പീഡനം സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പ്രധാനമായും മെസേജിൽ പറഞ്ഞിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭർത്താവായ ബൈജുവിനെ കുറ്റക്കാരനായി ചിത്രീകരിച്ച് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ മലയാളത്തിലെ മുൻനിരയിലുള്ള പല പത്രങ്ങളും രംഗത്തുവന്നു. കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും ബൈജുവിനെതിരേ ഷീജയുടെ വീട്ടുകാർ പരാതി കൊടുത്തു. എന്നാൽ, സത്യമെന്ത്??

പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഇപ്പോൾ വൂസ്റ്റർ അക്യൂട്ടർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെഡ്ഡിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നതിനപ്പറം ആത്മഹത്യയുമായി ബന്ധപ്പെട്ട യാതൊരു വിവരവും പോലീസ് ഇതുവരെയും പുറത്ത് വിട്ടില്ല. യുകെയിലെ നിയ്മമനുസരിച്ച് ശവസംസ്കാര ചടങ്ങുകൾ എവിടെ നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഭർത്താവിനും മക്കൾക്കുമാണ്. മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോകണോ വേണ്ടയോ എന്നത് അവരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
എന്നാൽ, കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ തെറ്റായ വാർത്തകൾ കൊടുത്ത് അവരുടെ കുടുംബത്തെ ഉപദ്രവിച്ച് ജനശ്രദ്ധ നേടുകയാണ് പല മാധ്യമങ്ങളും.

അത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന തെറ്റായ വാർത്തകളോട് യുകെയിലേയും നാട്ടിലേയും ഇവരുടെ കുടുംബവുമായി വളരെ അടുത്ത് ബന്ധമുള്ളവരും കൂടത്തിൽ പഠിച്ചവരും കൂടത്തിൽ ജോലി ചെയ്തിട്ടുള്ളവരും ഇപ്പോൾ ജോലി ചെയ്യുന്നവരുമായ നിരവധി മലയാളി സുഹൃത്തുക്കൾ പ്രതികരിച്ചു തുടങ്ങി. യുകെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന, വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുന്നിലുള്ള മലയാളം യുകെ ന്യൂസുമായി നിരവധി മലയാളികളാണ് ഇതിനോടകം ബന്ധപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. മലയാളം യുകെ ന്യൂസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

6 ലക്ഷം രൂപാ മാസം സമ്പാദിക്കുന്നുവെന്ന് മെസേജിൽ വ്യക്തമായി പറയുന്നുണ്ട്.
ഇതിൽ തന്നെ അസ്വഭാവികതയുണ്ട്. യുകെയിലെ നിയ്മമനുസരിച്ച് ആഴ്ച്ചയിൽ 37.5 മണിക്കൂറാണ് നിയ്മപരമായി ഒരു നഴ്സിന് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ നിയ്മമനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം 48 മണിക്കൂർ വരെ ആകാം. പക്ഷേ, 48 മണിക്കൂറിലധികം ജോലി ചെയ്താൽ അതിൽ നിന്നുണ്ടാക്കുന്ന ഒരു പ്രശ്നങ്ങളും നാഷണൽ ഇൻഷ്വറൻസിൽ കവർ ചെയ്യുകയില്ല. അതിൻ പ്രകാരം ഒരു നഴ്സിന് ശരാശരി രണ്ടായിരത്തോളം പൗണ്ടുകളാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) സമ്പാദിക്കാനാവുന്നത്. ഇനി, ഓവർടൈം ചെയ്താലും ഒരു മാസം ചെയ്യുന്ന ജോലിയുടെ രണ്ടിരട്ടി കൂടി കൂടുതലായി ചെയ്തെങ്കിൽ മാത്രമേ 6 ലക്ഷം രൂപ എന്ന കണക്കിൽ എത്തിച്ചേരുകയുള്ളൂ. യുകെയിൽ NHS ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് മനസ്സിലാകാത്ത കണക്കാണിത്. ഇത് ഒരു വശം.

മറുവശത്ത് കൂടുതൽ ചോദ്യങ്ങളുയരുകയാണ്. മെസേജിൽ പറഞ്ഞിരിക്കുന്ന സത്യമാണെങ്കിൽ ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും ഹോസ്പിറ്റലിൽ ചെലവഴിക്കുന്ന ഒരാൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയം എപ്പോഴാണ് ലഭിക്കുക? സ്കൂളിൽ പോകുന്ന പതിമൂന്നും പതിനാലും വയസ്സുള്ള രണ്ട്  മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ എപ്പോഴാണ് സമയം കിട്ടുക? ഭക്ഷണമുണ്ടാക്കുന്നതൊപ്പം ഷോപ്പിംഗ് ഉൾപ്പെടെ വീട്ട് ജോലികൾ ചെയ്യാൻ എപ്പോഴാണ് സാധിക്കുക?

കുറഞ്ഞത് ഉറങ്ങാൻ പോലും സമയം കിട്ടുന്നതെപ്പോൾ? മുകളിൽ പറഞ്ഞിരുന്ന ജോലികൾ എല്ലാം കൃത്യമായി ഇവരുടെ വീട്ടിൽ നടന്നിരുന്നു. എങ്കിൽ പിന്നെ ഈ ജോലികൾ എല്ലാം ചെയ്തിരുന്നത് ഭർത്താവല്ലാതെ മറ്റാര്? വിശ്രമമില്ലാതെ കൂടുതൽ ജോലി ചെയ്യുമ്പോൾ മാനസീക സമ്മർദ്ദവും ശാരീരികമായ അസ്വസ്തതയും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ??

മരിക്കുന്നതിന് മുമ്പ് നാട്ടിലുള്ള ബന്ധുക്കൾക്ക് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് മെസേജ് ആയ്ച്ചു കൊടുത്തിട്ടും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കൾ എന്തുകൊണ്ട് ശ്രമിച്ചില്ല??

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭർത്താവിനെയും മക്കളെയും എന്ത് കൊണ്ട് വിവരം അറിയിച്ചില്ല???
വാർത്താവിനിമയ സംവിധാനങ്ങൾ ഇത്രയും പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് വിവരമറിഞ്ഞയുടൻ കൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തേണ്ടതായിരുന്നു. ഷീജയുടെ അമ്മയും അനുജത്തിയും കുറെ കാലം ഇവരോടൊപ്പം യുകെയിൽ താമസിച്ചിരുന്നതാണ്. ഈ രാജ്യവുമായി അത്യാവശ്യം നല്ല ബന്ധം അവർക്കുമുണ്ട്. പിന്നെ എന്തുകൊണ്ട് അവർ അതിനുള്ള ശ്രമം നടത്തിയില്ല??  തന്നെയുമല്ല, മരണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ടെലഫോൺ കോളുപോലും ഷീജയുടെ വീട്ടിൽ നിന്ന് യുകെയിലുള്ള ബൈജുവിൻ്റെ വീട്ടിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കടുത്ത മാനസീക സമ്മർദ്ദത്തിലായിരുന്നു ഷീജയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
സ്വന്തം കുടുംബത്തിൽ നിന്നുള്ള സാമ്പത്തികമായ സമ്മർദ്ദം ഷീജയെ ഒരു പരിധി വരെ മാനസീകമായി തളർത്തിയിരുന്നു. 24 വർഷത്തോളം സൗദിയിൽ അരാംകോ കമ്പനിയിൽ ജോലി ചെയ്ത് തിരിച്ച് നാട്ടിലെത്തിയ ആളായിരുന്നു ഷീജയുടെ പിതാവ്. എങ്കിലും സാമ്പത്തികമായ ഒരു പുരോഗതിയും അവരുടെ കുടുംബത്തിലുണ്ടായില്ല. ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത്. തകർന്ന തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ ഷീജയെ അവർ കരുവാക്കിയിരുന്നു. ധാരാളം പണം ഷീജയോട് നിരന്തരം വീട്ടിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. പലതവണ ഷീജ അത് കൊടുക്കുകയും ചെയ്തു. റൂട്ടോടുകൂടിയ ബസ്സ് വാങ്ങാൻ വർഷങ്ങൾക്ക് മുമ്പ് സഹോദരനെ സാമ്പത്തീകമായി ഷീജ സഹായിച്ചിരുന്നുവെന്നും ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ ഷീജയ്ക്കുണ്ടായിരുന്നുള്ളൂ. പണത്തോടൊപ്പം കുടുംബവും വലുതാണെന്ന് പലരും ഷീജയെ ഓർമ്മിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

NHS ജോലിയിൽ നിന്ന് ഓഫ് സിക് എടുത്ത് ഏജൻസി ജോലികൾക്ക് ഷീജ പോയി തുടങ്ങി. നിർഭാഗ്യവശാൽ NHS അധികാരികൾ അതറിയുകയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. തുടർന്ന് പിൻ നമ്പരുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേയ്ക്ക് Nursing and Midwifery Council (NMC) മുന്നോട്ടു പോയി. NMC യുമായുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്. NMC യുടെ തീരുമാനം മെയ് മാസം അവസാനത്തോടെ വരും. പിൻ നമ്പർ നഷ്ടപ്പെട്ടാൽ ജീവനവസാനിപ്പിക്കും എന്ന് ഷീജ പറഞ്ഞതായി അറിയുവാൻ കഴിഞ്ഞു. പിൻ നമ്പർ പോയാലും നിനക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ ജോലി ചെയ്യുന്നുണ്ടല്ലോ! എന്ന് പറഞ്ഞ് ബൈജു ഷീജയ്ക്ക് സപ്പോർട്ട് കൊടുത്തിരുന്നു.
ബാൻഡ് 6 ൽ ജോലി ചെയ്തിരുന്ന ഷീജ നേരിടുന്ന നിയമ നടപടികളും സ്വന്തം വീട്ടിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമ്മർദ്ദവും ഭർത്താവിനെ കാര്യങ്ങൾ വ്യക്തമായി ധരിപ്പിക്കാത്തതിൻ്റെ വിഷമവും ഷീജയെ മാനസീകമായി തളർത്തുന്ന അവസ്ഥയിൽ എത്തിച്ചു എന്നാണ് ഈ കുടുംബത്തെ അടുത്തറിയാവുന്നവർ പറയുന്നത്.

ഇതിന് മുമ്പും ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് വോയിസ് മെസേജിൽ പറയുന്നുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ക്വയറി സൂയിസൈഡ് അറ്റംൻ്റ് നടത്തി ICUയിൽ ചികിത്സ ലഭിച്ചിട്ടുണ്ട്. കൂടാതെ കൗൺസിലിംഗും വിധേയമായതായി സഹപ്രവർത്തകർ പറഞ്ഞു. യുകെയിൽ നിന്നും നാട്ടിലെത്തിയ ഒരു സുഹൃത്ത് ഇക്കാര്യങ്ങളെല്ലാം ഷീജയുടെ പിതാവിനെ നേരിട്ട് അറിയ്ച്ചിരുന്നു. ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സ വേണ്ടത് ഭർത്താവ് ബൈജുവിനാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ആത്മഹത്യ ചെയ്യുന്നതിന് കുറച്ച് ദിവസം മുമ്പ് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഷീജയ്ക്ക് പനിയുണ്ടായി. തുടർന്ന് അവിടെ തന്നെ ഡോക്ടറെ കാണുകയും കോവിഡ് ടെസ്റ്റ് ചെയ്യുകയും ചെയ്തു. ബൈജു എത്തിയാണ് ഷീജയെ വീട്ടിൽ എത്തിച്ചത്.തുടർന്നും എല്ലാക്കാര്യവും നോക്കിയത് ബൈജുവാണ്. പനിയായിരുന്നപ്പോൾ ഒരു തുള്ളി വെള്ളം പോലും തന്നില്ല എന്ന മെസേജിന് പ്രത്യേകിച്ച് സ്ഥാനമില്ല. മിക്കവാറും ബൈജുവാണ് ഷീജയെ ജോലിക്ക് കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത്. കൂടുതൽ ജോലി ചെയ്യുന്നതു കൊണ്ട് ചുരുങ്ങിയ ചില സന്ദർഭങ്ങളിൽ ടാക്സിയെയും ഷീജ ആശ്രയിച്ചിരുന്നു. യാതൊരു പരിഭവവുമില്ലാതെ സ്വന്തം ജോലിയോടൊപ്പം വീട്ട് ജോലികളും ചെയ്ത് നന്നായി കുടുംബം നോക്കുന്ന ശാന്ത സ്വഭാവത്തിൻ്റെ ഉടമയാണ് ബൈജു എന്നാണ് റെഡ്ഡിച്ച് മലയാളികൾ ഒന്നായി പറയുന്നത്. ഭാര്യയുടെ കുറവുകൾക്ക് ഒരിക്കലും ബൈജു പരാതി പറഞ്ഞതായി അറിവില്ല. കുറവുകൾ മാത്രമുള്ള ഒരു ഭാര്യയായി ഷീജയെ ബൈജു ഒരിക്കലും ചിത്രീകരിക്കുന്നുമില്ല. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾക്കപ്പുറം കൂടുതലായി ഒന്നും ഇവിടെയും സംഭവിച്ചിട്ടില്ല. ഭാര്യയുടെ ജോലി ഭാരം കുറയ്ക്കാൻ ബൈജു നടത്തിയ ശ്രമത്തോട് ഷീജ സഹകരിച്ചില്ല എന്നത് സുഹൃത്തുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്.

ഈ രാജ്യത്തിൽ മനുഷ്യത്വത്തിന് വില കൊടുക്കുന്ന ഒരു നിയ്മമുണ്ട്. അത് എല്ലാവർക്കും തുല്യമാണ്. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടും. മുഖം നോക്കാതെ നീതി നടപ്പാക്കും. യൂറോപ്പിലെ മലയാളികൾ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ ആഴത്തിൽ വിശ്വസിക്കുന്നു.
സത്യമറിയാതെ ബൈജുവിനെ വില്ലനാക്കി പല ഓൺലൈൻ പത്രങ്ങളുമെഴുതി. അവരോട് പറയാൻ ഒന്നു മാത്രം.
അമ്മ നഷ്ടപ്പെട്ട വേദനയിൽ മിടുക്കരായ രണ്ട് മക്കളും അവർക്ക് തുണയായി ഭാര്യ നഷ്ടപ്പെട്ട ഒരു ഭർത്താവും ജീവിച്ചിരിപ്പുണ്ട്.
കോടതി പറയുവോളം അവരെ ഉപദ്രവിക്കരുതേ…!

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക.
അതിൽ ആനന്ദം കൊള്ളുക.