പ്ലൈമൗത്: യുകെ മലയാളികളെ ഞെട്ടിച്ചു നടന്ന രണ്ട് മരണങ്ങൾ ആണ് ഇന്നലെ നടന്നതെങ്കിൽ ഇന്ന് ആരുടേയും ഹൃദയം പിളർക്കുന്ന ഒരു മരണവാർത്തയാണ് മലയാളം യുകെ നിങ്ങളുമായി പങ്കുവെക്കുന്നത്.  പ്ലൈമൗത്തിൽ കുടുംബസമേതം താമസിച്ചിരുന്ന ഷൈജു സ്കറിയാ ജെയിംസ് (37) ആണ് ഇന്ന് ഉച്ചതിരിഞ്ഞു മരണമടഞ്ഞിരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് അറിവാകുന്ന പ്രാഥമിക വിവരം.

ഭാര്യയായ നിത്യ മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തത്. ആശുപത്രിൽ തന്നെ കഴിയുന്ന നിത്യയെയും കുഞ്ഞിനേയും കണ്ടതിന് ശേഷമാണ് ഷൈജു ഭക്ഷണം കഴിക്കുവാനായി ആശുപത്രി ക്യാന്റീനിലേക്ക് പോയത്. എന്നാൽ തിരിച്ചെത്താൻ എടുക്കുന്ന സമയം കൂടുകയും ചെയ്തപ്പോൾ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചു എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്‌തില്ല. റിസപ്ഷനിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും എടുക്കേണ്ട സമയവും അടുക്കുന്നു.

പന്തികേട് തോന്നിയ നിത്യ പെട്ടെന്ന്‌ തന്നെ ആശുപത്രി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ തിരച്ചിൽ എത്തിനിന്നത് ക്യാന്റീനിൽ ഉള്ള ടോയ്‌ലെറ്റിൽ ആയിരുന്നു. ടോയ്‌ലെറ്റിൽ വീണു കിടക്കുന്ന ഷൈജുവിനെ ഉടനടി ആംബുലൻസ് ക്രൂ എത്തി ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം.

രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. നാട്ടിൽ കറുകച്ചാൽ ആണ് പരേതന്റെ സ്വദേശം. ഭാര്യ നിത്യ ഷൈജു, രണ്ട്  മക്കൾ- ആരവ് ഷൈജു (4), അന്നാ മേരി ഷൈജു (മൂന്ന് ദിവസം).

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം  ആശുപത്രി മോർച്ചറിയിൽ ആണ് ഇപ്പോൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട്.

ഷൈജു സ്കറിയാ ജെയിംസിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.