ചെസ്റ്റർഫീൽഡ്: യുകെ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവാവിന്റെ മരണം. കോട്ടയം കങ്ങഴം സ്വദേശി തെക്കേടത്ത് സോണി ചാക്കോയാണ് (42) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ചെസ്റ്റർഫീൽഡിനടുത്തുള്ള മോർട്ടനിൽ കുടുംബസമേതം താമസിച്ചു വരവെയാണ് സോണിയെ മരണം കവർന്നിരിക്കുന്നത്. മണർകാട് ആണ് ഭാര്യ ടിൻറ്റുവിന്റെ സ്വദേശം.
പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ എട്ടുമണിയോടെ ഷിഫ്റ്റ് തീർന്ന ടിന്റു നടന്നാണ് വീട്ടിൽ സാധാരണ എത്തിച്ചേരുന്നത്. പതിവുപോലെ എട്ടരയോടെ വീട്ടിൽ എത്തിയ ഭാര്യ ടിൻറ്റു കാണുന്നത് ബെഡ്‌ഡിന് താഴെ മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.
ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ഇപ്പോൾ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.
സ്റ്റുഡൻറ് വിസയിൽ എത്തിയ ഇവർ യുകെയുടെ പല ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ആദ്യ സ്ഥലം മാഞ്ചെസ്റ്ററും തുടർന്ന് വിഗണിലും താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം സോണിയുടെ ‘അമ്മ മരിച്ചിരുന്നു. ഇതിനുശേഷം വളരെയേറെ മാനസികമായി തളർന്ന അവസ്ഥയിൽ ആയിരുന്നു സോണി. ഡയബെറ്റിക് ആയിരുന്നു അമ്മയുടെ മരണത്തിലെ വില്ലൻ. മലപ്പുറം നിലമ്പൂർ ആണ് സോണിയുടെ ‘അമ്മ വീട്. സോണിയുടെ ഏക സഹോദരി മോബി ഡൽഹിയിൽ ആണ് ഉള്ളത്. ഭർത്താവ് -റോയി.
ആറു വയസുകാരിയായ ഹന്നയും മൂന്ന് വയസ്സുള്ള എയിടനും ആണ് മക്കള്‍. കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് ടിന്റു.
ശവസംസ്ക്കാരം എവിടെ നടത്തണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ കൊണ്ടുപോകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ചാർട്ടേർഡ് ഫ്ലൈറ്റ് പോകുമ്പോൾ സാധ്യമാകുമോ എന്ന കാര്യവും പരിശോധിക്കുന്നു. നാളെയാണ് പോസ്റ്റുമോർട്ടം നടത്തപ്പെടുക. അപ്പോൾ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളു.
സോണിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നു.
Leave a Reply