ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പനി കൂടിയതിനെ തുടർന്ന് മരണപ്പെട്ട ഫോര്‍ട്ട് വില്യം സ്വദേശി സുനില്‍ ജോര്‍ജ് (45) ഇനി മുതൽ വിശ്രമിക്കുക പ്രിയതമ റെയ്ച്ചലിന്റെ കല്ലറയ്ക്ക് അരികിൽ. ഭാര്യയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ട സുനിലിനെ അപ്രതീക്ഷിതമായി മരണം കവർന്നെടുക്കുകയായിരുന്നു. ക്യാൻസർ മൂലമായിരുന്നു റെയിച്ചലിന്റെ മരണം. കോവിഡ് ലോക് ഡൗണ്‍ കാലത്ത് മരണം കടന്ന് വരികയായിരുന്നു. കുട്ടികൾ ഇല്ലാതിരുന്ന ഇരുവരും സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയിലാണ് രോഗം കണ്ടെത്തുന്നത്. തുടർന്ന് റെയിച്ചലിന്റെ ആരോഗ്യത്തെ കണക്കിലെടുത്താണ് ഇരുവരും റീഡിങ്ങിലേക്ക് താമസം മാറ്റിയത്.
എന്നാൽ പ്രിയതമയുടെ അപ്രതീക്ഷിത വേർപാടിൽ തീർത്തും ഒറ്റപ്പെട്ട സുനിൽ പിന്നീട് ഫോര്‍ട്ട് വില്യമിലേക്ക് പറിച്ചു മാറ്റപ്പെടുകയായിരുന്നു. ഇന്ത്യക്കാർ വളരെ വിരളമായിരുന്ന അവിടെയാണ് സുനിൽ ബാക്കികാലം ജീവിതം കഴിച്ചു കൂട്ടിയത്. ബ്രെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് കേന്ദ്രമായിരുന്നു സുനിലിന്റെ ഏക ആശ്രയം. അവിടെയെത്തുന്ന സഞ്ചാരികളോട് സംസാരിച്ചു തന്റെ ഏകാന്തതയെ മറികടക്കാൻ അയാൾ നിരന്തരം ശ്രമിച്ചു. അമ്മയും മറ്റു ബന്ധുക്കളുമായൊക്കെ നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന സുനില്‍ ഒരു മാസം മുന്‍പ് നാട്ടില്‍ എത്തി കാനഡയില്‍ ഉള്ള സഹോദരിയുടെ കുഞ്ഞിന്റെ മാമ്മോദീസ അടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നതുമാണ്. തുടര്‍ന്ന് യുകെയില്‍ മടങ്ങിയെത്തിയ സുനില്‍ പനി പിടിച്ചു കിടപ്പിലാവുകയായിരുന്നു. എന്നാൽ ഒരു ദിവസം രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുനിലിന് മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. യുകെ മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ നേതൃത്വത്തിലാണ് സുനിലിന്റെ സംസ്‍കാരവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചെയ്തത്. പോലീസും, മലയാളികളും കാനഡയിലുള്ള അമ്മയുമായി സംസാരിച്ചിരുന്നു. മാർച്ച് മാസം രണ്ടാം തീയതിയാണ് ശവസംസ്കാരം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് ജെയിംസ് പള്ളിയിലും, മൂന്നുമണിയോടെ സെമിത്തേരിയിലും ശുശ്രൂഷ നടക്കും.
Leave a Reply