ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മിൽട്ടൺ കെയിൻസ് സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്റ്റാന്റൺബറി വാർഡിലേക്ക് മത്സരിക്കാൻ ഒരുങ്ങി മലയാളി സ്ഥാനാർത്ഥിയും. മെയ് നാലിനാണ് തിരഞ്ഞെടുപ്പ്. യുകെയിലെ പ്രമുഖ വ്യവസായിയായ ഗ്രിഗറി പയസിനെ നിർത്താനാണ് കൺസർവേറ്റീവ് പാർട്ടി തീരുമാനം. ഗ്രിഗറിയുടെ വാർഡിൽ ബാൻക്രോഫ്റ്റ്, ബ്രാഡ്‌വില്ലെ, ഗ്രേറ്റ് ലിൻഫോർഡ്, ലിൻഫോർഡ് വുഡ്, ഓക്രിഡ് ജ് പാർക്ക്, നീത്ത് ഹിൽ എന്നി പ്രദേശങ്ങൾ ഉൾപ്പെടുന്നു.
ഗ്രേ എന്നറിയപ്പെടുന്ന ഗ്രിഗറി, കോവിഡ് സമയത്ത് ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നതുൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖ്യ പ്രവർത്തകനാണ്. ഒരു ദശാബ്ദത്തിലേറെയായി ബ്രാഡ്‌വില്ലിൽ സബ്‌പോസ്റ്റ്‌മാസ്റ്ററായി സേവനമനുഷ്ഠിക്കുകയും, കോംപ്ലിമെന്ററി ഹെൽത്ത് സെന്റർ നടത്തുകയും ഒമ്പത് വർഷമായി ചാരിറ്റി ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ (BKA) ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഗ്രിഗറി 1975ൽ സൗത്ത്ഹാളിലാണ് എത്തിയത്. തുടർന്ന് 1987-ൽ മിൽട്ടൺ കെയ്‌നിലേക്ക് താമസം മാറി.
36 വർഷത്തിലേറെയായി മിൽട്ടൺ കെയ്‌ൻസിലെ സ്ഥിരതാമസക്കാരനായ ഗ്രിഗറി, സ്റ്റാന്റൺബറി വാർഡും നഗരവും എല്ലാവർക്കും താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന മികച്ച വാർഡാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യത്തെ കുറിച്ച് വാർത്ത പുറത്തു വന്നതിനു പിന്നാലെ തിരഞ്ഞെടുപ്പ് ആകാംഷയിലാണ് മലയാളികളായ പ്രവാസികൾ.