ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യു കെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസം ഈ വരാന്ത്യത്തിലായിരിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ഈ ഞായറാഴ്ച ഇംഗ്ലണ്ടിൽ മിക്കയിടത്തും താപനില 38 ഡിഗ്രിയിൽ എത്തും. ഉഷ്ണതരംഗം കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ താപനില അസാധാരണമാംവിധം ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇത് റോഡ്, റെയിൽ, വിമാന ഗതാഗതം തടസ്സപ്പെടും. ഈ വാരാന്ത്യം അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിലെത്താൻ മുപ്പത് ശതമാനം സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥ വിദഗ്ദ്ധൻ ഡാൻ സ്റ്റൗഡ് അറിയിച്ചു.

പ്രവചനം സത്യമായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറും. ഇതിനു മുൻപ് ബ്രിട്ടനിലേറ്റവും ചൂടേറിയ ദിവസം 2019 ജൂലായ് 15 ആയിരുന്നു. അന്നേദിവസം കേംബ്രിഡ്‌ജിൽ രേഖപ്പെടുത്തിയത് 38.7 ഡിഗ്രി സെൽഷ്യസാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) ലെവൽ ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ട് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച 24 മണിക്കൂറും അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്‌ച വരെ നീട്ടാൻ സാധ്യതയുണ്ട്.

ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ലണ്ടൻ, സൗത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, ഹംബർ എന്നീ പ്രദേശങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും. സൗത്ത് ലണ്ടനിലെ ബാറ്റർസിയിൽ പാലത്തിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് വിക്ടോറിയക്കും ബ്രിക്സ്റ്റണിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ ഇന്ന് രാവിലെ നിർത്തിവച്ചു. ചൂട് കൂടുന്നതോടെ ബ്രിട്ടനിലെ പാർക്കുകളിലേക്കും കടൽത്തീരങ്ങളിലേക്കും ജനങ്ങൾ ഇരച്ചെത്തുകയാണ്. ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിലാകമാനം ചൂട് ഉയരുകയാണ്. ഫ്രാൻസിലെ അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് പ്രവചനം.