ജൂലൈ 19 മുതൽ മാസ്ക് നിയമങ്ങൾ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ബോറിസ് ജോൺസണെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. കോവിഡ് നിയന്ത്രണങ്ങൾ ഒറ്റയടിയ്ക്ക് പിൻവലിക്കുന്നത് തിരിച്ചടിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് എംപിമാർ എതിർപ്പുമായി രംഗത്തെത്തുന്നത്. കോമൺസിൽ ഈ വിഷയം ജോൺസണും സ്റ്റാമറും തമ്മിലുള്ള വാക്പോരിനും കാരണമായേക്കും.

യാത്രാ ക്വാറന്റൈൻ നിയമങ്ങളും ബോറിസ് ജോൺസൺ പിൻ വലിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന 2 ഡോസ് വാക്സിനും എടുത്ത ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് സെൽഫ് ഐസോലേഷൻ ഇല്ലാതെ തന്നെ വിദേശത്ത് വേനലവധി ആഘോഷിക്കാൻ അനുവദിക്കാനാണ് സർക്കാർ നീക്കം.

ഫ്രാൻസ്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ ഒഴിവാക്കുന്ന കാര്യത്തിൽ മന്ത്രിമാർ ഉടനെ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യദിനം എന്ന് വിളിക്കപ്പെടുന്ന നീക്കം ജൂലൈ 19 ന് നടപ്പാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുകയാണെന്നും അവശേഷിക്കുന്ന ആഭ്യന്തര നിയന്ത്രണങ്ങൾ കൂടി റദ്ദാക്കുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക് ഓഗസ്റ്റ് പകുതി വരെ റോഡ് മാപ്പ് നീട്ടണമെന്ന നിലപാടുകാരനായിരുന്നു. ഇതായിരുന്നു സർക്കാരിന്റെ മെല്ലെപ്പോക്കിലേക്ക് നയിച്ചത്. എന്നാൽ ഹാൻകോക്കിന്റെ രാജിയെത്തുടർന്ന് ജോൺസൺ ഇക്കാര്യം പുനഃപരിശോധിക്കുകയായിരുന്നു.

തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട ബോർഡർ ഫോഴ്‌സ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി, നേരത്തേ നടപ്പാക്കാൻ തയ്യാ റാണെന്ന നിലപാടിലാണ്. ബോർഡർ ഫോഴ്‌സിന് ചില സാങ്കേതിക മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, പുതിയ സംവിധാനങ്ങൾ ലഭ്യമാക്കാൻ അവർ അൽപ്പം സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവസാന തിയതി ജൂലായ് 19 ആയിരിക്കുമെന്ന് അവർ അംഗീകരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാത്രക്കാരുടെ എണ്ണത്തിലും പരിശോധനയിലും ഉണ്ടാകുന്ന വർദ്ധനവ് കാരണം അതിർത്തിയിൽ നീണ്ട നിരകൾ ഉണ്ടാകാനുള്ള സാധ്യത ഉൾപ്പെടെയുള്ള ആശങ്കകൾ ഇപ്പോഴും ചിലർ ഉന്നയിക്കുന്നുണ്ട്. ചെക്ക്-ഇൻ ചെയ്യുമ്പോഴും ബ്രിട്ടനിൽ തിരിച്ചെത്തുമ്പോഴും വാക്സിനേഷന്റെ തെളിവ് നൽകുന്നതിന് യാത്രക്കാർക്കായി ഒരു ട്രയൽ സംവിധാനം വിമാനക്കമ്പനികൾ തയ്യാറാക്കിക്കഴിഞ്ഞു.

2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കാനാണ് ഹീത്രോ വിമാനത്താവളത്തിൻ്റെ നീക്കം. ഈ ആഴ്ച ആരംഭിക്കുന്ന പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനം കയറുന്നതിന് മുമ്പ് അവരുടെ കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയും.

ഇത് വിമാനത്താവളത്തിൽ എത്തുമ്പോൾ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിൽ ഇമിഗ്രേഷനിലൂടെ കടന്നുപോകുന്നത് വേഗത്തിലാക്കാൻ അവരെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ അവസാനിപ്പിക്കാനുള്ള തീരുമാനം ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഓരോ ദിവസവും കൂടുതൽ ഇളവുകളുമായി സർക്കാർ രംഗത്തു വരുമ്പോഴും കേസുകളുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും മരണ നിരക്ക് വർധിക്കുന്നില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. മാത്രമല്ല ഇംഗ്ലണ്ടിലെ ഇളവുകൾ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.

ജൂലൈ 19 മുതൽ സോഷ്യൽ ഡിസ്റ്റൻസിംങ്ങും ഫെയ്സ്മാസ്കും നിർബന്ധമല്ലാതാക്കുന്ന കാര്യത്തിൽ ഈമാസം 12ന് പാർലമെന്റ് തീരുമാനമെടുക്കും. മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും നിയമപരമായ ബാധ്യത അല്ലാതാക്കി ഫൈൻ ഒഴിവാക്കുമ്പോഴും ഈ ശീലങ്ങൾ തുടരുന്നത് പ്രോൽസാഹിപ്പിക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് ഇതുവരെയുള്ള സൂചനകൾ.