ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ വിദേശികളുടെ മൈഗ്രേഷൻ സംബന്ധിക്കുന്ന കണക്കുകൾ ഈയാഴ്ച പുറത്ത് വരാനിരിക്കെ, എണ്ണം റെക്കോർഡ് കടന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. 700000 ത്തിനു മേലെ കണക്കുകൾ ഉയരുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിലുള്ള കണക്കുകൾ പ്രധാനമന്ത്രി റിഷി സുനകിനു മേലെയുള്ള ആരോപണങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടും. 2022 ൽ 606000 എന്ന സംഖ്യയിൽ നിന്ന് ഈ വർഷം ആകുമ്പോഴേക്കും 700000 ആകുമെന്ന സൂചനകളാണ് ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുന്നത്. കുടിയേറ്റം തടയിടുവാൻ നിയമപരമായി കൂടുതൽ നടപടികൾ താൻ നിർദ്ദേശിച്ചെങ്കിലും, ഡൗണിങ് സ്ട്രീറ്റിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ലെന്നുള്ള സുയല്ല ബ്രാവർമാന്റെ പ്രസ്താവനകളും ഇതോടൊപ്പം ചർച്ചയാകും. ഇത് പ്രധാനമന്ത്രിക്ക് മേൽ കൂടുതൽ സമ്മർദ്ദങ്ങളും ഉണ്ടാക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ തന്റെ പിന്തുണയ്‌ക്ക് പകരമായി, റിഷി സുനകുമായി ഉണ്ടാക്കിയ രഹസ്യ ഇടപാടിൽ നിന്ന് അദ്ദേഹം പിന്മാറിയതായുള്ള ആരോപണവും ബ്രാവർമാൻ ഉന്നയിച്ചിട്ടുണ്ട്. ആഭ്യന്തര ഓഫീസിന്റെ കണക്കുകൾ പ്രകാരമാണ് 700000 എന്നുള്ള സൂചനകൾ ലഭിക്കുന്നത്. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പുറത്തു വിടുമ്പോൾ ഇതിൽ വ്യത്യാസം ഉണ്ടാകാം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെ വിസ നീട്ടുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനയാണ് എമിഗ്രേഷൻ കണക്കുകളുടെ വർദ്ധനവിന് പിന്നിലെ ഒരു ഘടകമെന്ന് മെയിൽ പത്രം ഇന്നലെ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ തുടരാനുള്ള അനുമതി നീട്ടാൻ അപേക്ഷിച്ച വിദേശ പൗരന്മാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവാണ് ഹോം ഓഫീസ് ഡേറ്റ കാണിക്കുന്നത്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ തന്നെ ജോലി, പഠനം, മറ്റ് കുടുംബ കാരണങ്ങൾ എന്നിവ സൂചിപ്പിച്ച് കഴിഞ്ഞ വർഷത്തേക്കാൾ 105,000 ത്തിലധികം വിസ എക്സ്റ്റൻഷനുകൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അനേകം താൽക്കാലിക കുടിയേറ്റക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ബ്രിട്ടനിൽ താമസിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഈയാഴ്ച കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ കൂടുതൽ വിവാദങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.