ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 20% കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്തേക്ക് എത്തിയവരും രാജ്യം വിട്ടുപോയവരും തമ്മിലുള്ള വ്യത്യാസം 86,000 കുറഞ്ഞ് 3,45,000 ആയി. നേരത്തെ ഇത് 4,31,000 ആയിരുന്നു. ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിട്ടുപോയതിന്റെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് ഈ മാറ്റത്തിന് പ്രധാന കാരണം. പുതിയ രീതി അനുസരിച്ച് 2,57,000 ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിട്ടുപോയപ്പോൾ 1,43,000 പേർ തിരികെയെത്തി. അതായത്, ബ്രിട്ടീഷ് പൗരന്മാരുടെ നെറ്റ് മൈഗ്രേഷൻ 1,14,000 കുറവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടിയേറ്റ കണക്കുകൾ നിർണ്ണയിക്കുന്ന രീതി ഒ.എൻ.എസ്. പരിഷ്കരിച്ചതാണ് ഈ കണക്കിലെ മാറ്റത്തിന് പിന്നിൽ. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ ചോദ്യം ചെയ്യുന്ന പഴയ സമ്പ്രദായം നിർത്തലാക്കി . പകരം, ആളുകൾ നികുതി, ആനുകൂല്യ രേഖകളിൽ എത്രത്തോളം സജീവമാണ് എന്ന് പരിശോധിച്ചാണ് പുതിയ കണക്കുകൾ തയ്യാറാക്കിയത്. പഴയ രീതിയിൽ ബ്രിട്ടീഷ് പൗരന്മാരുടെ കുടിയേറ്റം കൃത്യമായി അളക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മൈഗ്രേഷൻ ഒബ്‌സർവേറ്ററി ഡയറക്ടർ ഡോ. മഡലിൻ സമ്പ്ഷൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ കണക്കുകളും പൂർണ്ണമല്ലെന്നും, ഒരാൾ രാജ്യത്ത് താമസിക്കുകയും എന്നാൽ സമ്പാദ്യം ഉപയോഗിച്ച് ജീവിക്കുന്നത് കാരണം നികുതി രേഖകളിൽ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്താൽ അയാൾ രാജ്യം വിട്ടുപോയതായി കണക്കാക്കാൻ സാധ്യതയുണ്ടെന്ന അപാകത ഇതിനോടകം പലരും ചൂണ്ടിക്കാണിച്ചിരുന്നു.

പുതിയ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ, അഭയാർത്ഥി സംവിധാനം ഉടച്ചുവാർക്കാനുള്ള സർക്കാർ നീക്കങ്ങൾക്കും വേഗം കൂടി. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ഈ ആഴ്ച പാർലമെന്റിൽ പ്രഖ്യാപിച്ച പുതിയ നിർദ്ദേശങ്ങളിൽ, അഭയാർത്ഥി പദവി ഇടയ്ക്കിടെ അവലോകനം ചെയ്യാനും ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള അവകാശങ്ങൾ പരിമിതപ്പെടുത്താനും ലക്ഷ്യമിടുന്നു. 2021 മുതൽ 2024 വരെയുള്ള യുകെയുടെ മൊത്തം കുടിയേറ്റം 2.6 ദശലക്ഷത്തിൽ നിന്ന് 2.5 ദശലക്ഷമായി കുറഞ്ഞുവെന്നും ഒ.എൻ.എസ്. റിപ്പോർട്ട് സൂചിപ്പിക്കുന്നു.