വിവിധ ട്രസ്റ്റുകൾ കൂടുതൽ ഒഴിവുകളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഏജൻസികൾക്ക് കരാറും നൽകിയതായാണ് റിപ്പോർട്ടുകൾ.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെൻ്റ് നടപടികൾക്ക് വേഗം കൂട്ടി എൻഎച്ച്എസ്. ഇന്ത്യൻ നഴ്സുമാരെ അതിവേഗം ബ്രിട്ടനിലെത്തിക്കാൻ റിക്രൂട്ട്മെന്റ് നടപടികൾ പുന:രാരംഭിക്കാമെന്നു എൻഎച്ച്എസ് ഇംഗ്ലണ്ട് ഏജൻസികൾക്ക് നിർദേശം നൽകി.
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റ് എൻഎച്ച്എസ്. ട്രസ്റ്റിനു കീഴിലുള്ള അഞ്ച് ആശുപത്രികളിലാണ് കൂടുതൽ ഒഴിവുകൾ. മാഞ്ചസ്റ്റർ റോയൽ ഇൻഫേമറി ഹോസ്പിറ്റൽ, വിഥിൻഷോ ഹോസ്പിറ്റൽ, റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ, മാഞ്ചസ്റ്റർ റോയൽ ഐ ഹോസ്പിറ്റൽ, നോർത്ത് മാഞ്ചസ്റ്റർ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കാണ് ഉടൻ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്
കൂടാതെ ലണ്ടൻ റോയൽ ഫ്രീ ഹോസ്പിറ്റൽ, ലസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡറം ആൻഡ് ഡാർലിംങ്ടൺ കൌണ്ടി ഹോസ്പിറ്റൽ, നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബ്രൈറ്റൺ ഹോസ്പിറ്റൽ, ലണ്ടൻ ഇംപീരിയൽ കോളജ്, ലണ്ടൻ കിംങ്സ് കോളജ്, നോർത്തേൺ അയർലൻഡിലെ എച്ച്എസ്‌സി ട്രസ്റ്റ് എന്നിവിടങ്ങളിലേക്കും വിവിധ ഏജൻസികൾ റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്.
ജനറൽ വാർഡ്, ഗൈനക്കോളജി ആൻഡ് തിയറ്റർ, ഐസിയു, എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്കാണ് ഇവിടങ്ങളിൽ നഴ്സുമാരെ ആവശ്യമുള്ളത്. എന്നിരുന്നാലും റിക്രൂട്ട്മെന്റ് വിലക്ക് നീങ്ങിയെങ്കിലും ഇപ്പോഴും ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായതിനാൽ ബ്രിട്ടനിലേക്കുള്ള വരവ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
നിലവിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് യുകെയിൽ എത്തുന്നവർ നിർബന്ധമായും 1750 പൗണ്ട് മുൻകൂറായി അടച്ച് ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. പത്തുദിവസത്തെ ക്വാറന്റീനിടെ രണ്ടുവട്ടം പിസിആർ. ടെസ്റ്റും സ്വന്തം ചെലവിൽ നടത്തണം. ഈ തുക നൽകി നഴ്സുമാരെ എത്തിക്കാൻ മിക്കവാറും എല്ലാ ട്രസ്റ്റുകളും തയാറായിട്ടുണ്ട്.
ട്രസ്റ്റുകൾക്ക് സ്വന്തം നിലയിൽ നഴ്സുമാർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ട് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ എളുപ്പമല്ലാത്തതിനാൽ അതിന് സാധ്യത കുറവാണ്. അതിനാൽ സ്വന്തം നിലയിൽ ഹോട്ടൽ ക്വാറന്റീൻ ഒരുക്കാനാണ് മിക്കവാറും എല്ലാ ട്രസ്റ്റുകളും ശ്രമിക്കുന്നത്. പ്രതിദിന കോവിഡ് കേസുകൾ കു റഞ്ഞ സാഹചര്യത്തിൽ റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയ്ക്ക് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിയമനം കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാർ.
Leave a Reply