ന്യൂസ് ഡെസ്ക്
യൂറോപ്യൻ യൂണിയനിൽ നിന്ന് നോ ഡീൽ അടിസ്ഥാനത്തിൽ പിന്മാറാനുള്ള പദ്ധതിയ്ക്ക് ബ്രിട്ടീഷ് പാർലമെൻറ് അനുമതി നല്കിയില്ല. ഇന്ന് നടന്ന വോട്ടെടുപ്പിൽ നോ ഡീൽ ബ്രെക്സിറ്റ് പ്രമേയം എംപിമാർ 278 നെതിരെ 321 വോട്ടിന് തള്ളി. മാർച്ച് 29 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവൺമെൻറ് ഡീൽ പാർലമെന്റിൽ ഇന്നലെ പരാജയപ്പെട്ടതിനെത്തുടർന്നാണ് നോ ഡീൽ പ്ളാൻ അവതരിപ്പിച്ചത്. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീൽ പാർലമെൻറ് 242 നെതിരെ 391 വോട്ടുകൾക്കാണ് ഇന്നലെ തള്ളിയത്.
ജനുവരി 15 ന് നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേ അവതരിപ്പിച്ച ഡീൽ പാർലമെൻറ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാർ പാർലമെന്റിൽ ഡീൽ പരാജയപ്പെടുത്തിയത്. ഇതേത്തുടർന്നു യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ഡീൽ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തൺ ചർച്ചകളാണ് നടത്തിയത്. ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അഭിപ്രായ സമന്വയം ഉണ്ടാകാത്തത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാർലമെൻറിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ ഭൂരിപക്ഷം എംപിമാരും തയ്യാറാകുന്ന ലക്ഷണമില്ല.
രണ്ടാം ദിവസവും തുടർച്ചയായി രണ്ടു വോട്ടിംഗുകളിൽ തെരേസ മേയുടെ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെൻറ് തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇനി രണ്ടു വഴികളാണ് ഗവൺമെന്റിന് മുൻപിലുള്ളത്. നോ ഡീൽ പ്രമേയം പാർലമെന്റ് തള്ളിയതുമൂലം നാളെ ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാർലമെൻറിനോട് അഭ്യർത്ഥിക്കും. ആർട്ടിക്കിൾ 50 നടപ്പാക്കാൻ കൂടുതൽ സമയം ഇതിലൂടെ ലഭിക്കും. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനുമായി വീണ്ടും ഡീൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ തെരേസ മേ യൂറോപ്യൻ പാർലമെൻറിനെ സമീപിക്കും. പാർലമെൻറ് അനുമതി നൽകാത്ത പക്ഷം മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടൺ പുറത്തുവരും.
Leave a Reply