പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി പോരാടി  തീവ്രവാദികളുടെ അക്രമത്തിനിരയാവുകയും ചെയ്ത നൊബേല്‍ സമ്മാനാര്‍ഹയായ മലാല യൂസഫ് സായിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി ശ്രീ ശ്രീ രവിശങ്കര്‍. നൊബേല്‍ നല്‍കി ആദരിക്കാനും മാത്രം മലാല ഒന്നും ചെയ്തിട്ടില്ലെന്നാണ് രവിശങ്കറിന്റെ വിമര്‍ശനം. കൂടാതെ തനിക്ക് നൊബേല്‍ സമ്മാനം ലഭിച്ചാലും അത് സ്വീകരിക്കേണ്ടെന്ന നിലപാടാണുള്ളത്. നേരത്തെ നൊബേല്‍ തരാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു എന്നാല്‍ താനത് വേണ്ടന്നു വെക്കുകയായിരുന്നു.

ജോലി ചെയ്യുന്നതില്‍ മാത്രമാണ് തനിക്ക് വിശ്വസമുള്ളതെന്നും അതിന്റെ പേരില്‍ ആദരവോ പുരസ്‌കാരങ്ങളോ സ്വീകരിക്കുന്നതില്‍ അര്‍ത്ഥമുള്ളതായി തോനുന്നില്ലെന്നും രവിശങ്കര്‍ പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിക്കേണ്ടത്. മലാല യൂസഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയ നിലപാടിനോട് പൂര്‍ണ്ണമായും എതിര്‍പ്പാണുള്ളതെന്നും ആ നടപടി കൊണ്ട് ഒരു ഉപകാരവുമില്ലെന്നുമായിരുന്നു രവിശങ്കറിന്റെ പ്രതികരണം.

ലാത്തൂരിലെ വരള്‍ച്ചാ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് രവിശങ്കറിന്റെ പ്രതികരണം. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌ക്കാര ജേതാവാണ് മലാല യൂസഫ് സായി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സ്വാത് താഴ്വരയിലെ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പോരാടിയ നിലപാടിനാണ് മലാലക്ക് നൊബേല്‍ നല്‍കി ലോകം ആദരിച്ചത്.