ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഇതുവരെ 7 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 156, 119 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കും യഥാർത്ഥത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. മഹാമാരിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ മാത്രമേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടായിരുന്നുള്ളൂ. പരിശോധനകൾ വ്യാപകമായി നടത്തിയപ്പോഴും രോഗലക്ഷണമില്ലാത്ത കോവിഡ് കേസുകൾ ഒട്ടേറെ ഉള്ളതാണ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്നുള്ള പറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനപ്രകാരം ബ്രിട്ടനിലെ 17 ദശലക്ഷം ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 30 % വരും. ഔദ്യോഗിക കണക്കുകളും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും തമ്മിലുള്ള വ്യത്യാസം 10 ദശലക്ഷമാണ്. ഇതിനിടെ ജനങ്ങൾ കൂടുതലായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചു. ഇനി ഒരു ലോക് ഡൗണിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുൻകരുതലായിട്ടാണ് പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത് . ലോക്ഡൗൺ സമ്പദ്വ്യവസ്ഥയ്ക്ക് ഏർപ്പെടുത്തുന്ന ആഘാതം ഒഴിവാക്കാൻ ഈ നീക്കം വളരെ ആവശ്യമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു.
Leave a Reply