ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബഹ്റൈനിലെ യു.എസ് നാവിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ നിന്ന് വെറും 200 മീറ്റർ അകലെയായിരുന്നു 300ഓളം ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നത് എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവർക്ക് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യു.എസും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ വൻ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ 25ലധികം തിരിച്ചടികൾ നടത്തിയതായി റിപ്പോർട്ടുണ്ട്. ഇറാഖിലെ ഒരു പാശ്ചാത്യ സൈനിക താവളത്തെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ ബ്രിട്ടീഷ് സേന വെടിവെച്ച് തകർത്തു. ഇറാഖിൽ തന്നെ ബ്രിട്ടീഷ് സൈനികർ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ നിന്ന് 400 മീറ്റർ അകലെയായിരുന്നു മറ്റൊരു മിസൈൽ പതിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഖത്തറിലേക്ക് നീങ്ങിയ മറ്റൊരു ഡ്രോൺ ആർ.എ.എഫ് ടൈഫൂൺ യുദ്ധവിമാനം തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലീ പറഞ്ഞു. സൈപ്രസിലെ ആർ.എ.എഫ് അക്രോട്ടിരി താവളത്തിലും ഖത്തറിലെ അൽ ഉദൈദ് താവളത്തിലും നിന്ന് യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും തടയാൻ കഴിയുന്നുണ്ടെങ്കിലും അതിവേഗ ബാലിസ്റ്റിക് മിസൈലുകൾ തടയുന്നത് വെല്ലുവിളിയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ ബ്രിട്ടീഷ് സൈനികർ അതീവ ജാഗ്രതയിലാണ്.

ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ സംഘർഷം കൂടുതൽ രൂക്ഷമായി. ഇസ്രയേൽ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നിവിടങ്ങളിലേക്കായി ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കി. കുവൈത്ത് വിമാനത്താവളം, ദുബായിലെ ഫെയർമോണ്ട് ഹോട്ടൽ, ബഹ്റൈനിലെ ഉയരം കൂടിയ കെട്ടിടം തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമാക്കിയതായി റിപ്പോർട്ടുണ്ട്. സൈപ്രസിന്റെ ദിശയിൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും അവ ലക്ഷ്യം തെറ്റിയതാകാമെന്ന് വിലയിരുത്തുന്നു. മേഖലയിലെ എല്ലാ ബ്രിട്ടീഷ് സൈനികരും സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും ബ്രിട്ടൻ അറിയിച്ചു.