ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കണമെന്ന് യുകെയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ഇടയിൽ കടുത്ത ദുരുപയോഗത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും വളം വെച്ചു കൊടുക്കുന്നതായുള്ള ആരോപണങ്ങൾ ശക്തമാണ്. പൊതു സുരക്ഷയ്ക്കും യുവാക്കളുടെ മാനസികാരോഗ്യത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണെന്ന് രാജ്യത്തെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ കടുത്ത ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാക്കുന്നതിന് കാരണമാകുന്നതായി അവോൺ ആൻഡ് സോമർസെറ്റിലെ ചീഫ് കോൺസ്റ്റബിൾ സാറാ ക്രൂ പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഓഫീസർ ആണ് സാറാ ക്രൂ . സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗം മൂലം വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ പല നിയമങ്ങളും ഉപയുക്തമല്ലെന്ന വാദം വ്യാപകമായുണ്ട്. നിലവിൽ ചെറുപ്രായത്തിൽ ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് നിയന്ത്രണമുണ്ട്. എന്നിരുന്നാലും മുതിർന്നവരുടെ ഫോണുകളിലൂടെയും മറ്റും പ്രായപരിധിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിന് തടയിടാൻ സമൂഹമാധ്യമ കമ്പനികൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഗ്ലൗസെസ്റ്റർഷെയറിലെ ആക്ടിംഗ് ചീഫ് കോൺസ്റ്റബിളും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരായി പോലീസിൽ നേതൃത്വം നൽകുകയും ചെയ്യുന്ന മാഗി ബ്ലിത്തും സമാനമായ അഭിപ്രായമാണ് പങ്ക് വെച്ചത്. ഓൺലൈനിൽ കൂടി ആക്രമ സംഭവങ്ങളെ കുറിച്ചും വിവാദ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങളും മറ്റും കുട്ടികളിലേയ്ക്ക് എത്തുന്നത് അപകടകരമായ സ്ഥിതി വിശേഷത്തിലേയ്ക്ക് കാര്യങ്ങൾ പോകുന്നതിന് ഇടയാക്കുന്നതായി അവർ പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള തീരുമാനം ഓസ്ട്രേലിയ നടപ്പിലാക്കിയിരുന്നു. പൂർണമായുള്ള നിരോധനം എത്രമാത്രം പ്രാവർത്തികമാക്കാൻ പറ്റും എന്നതിനെ കുറിച്ച് പല തലങ്ങളിലും അഭിപ്രായ ഭിന്നതയുണ്ട്. നിരോധനത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയുടെ അപകടത്തെ കുറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണമെന്ന അഭിപ്രായവും ശക്തമാണ്. കഴിഞ്ഞ വർഷം തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവരിൽ 20% പേർ കുട്ടികളാണെന്ന് തീവ്രവാദ വിരുദ്ധ പൊലീസ് മേധാവി മാറ്റ് ജൂക്സ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാറ്റ് ജാക്സ് ചൂണ്ടി കാണിച്ചു. എന്നാൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കുമോ എന്നതിനെ കുറിച്ച് നിലവിൽ ഒന്നും പറയാൻ സാധിക്കില്ലെന്നാണ് ഈ വിഷയത്തിൽ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പ്രതികരിച്ചത്.
Leave a Reply