ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുട്ടികൾക്ക് ഇന്റർനെറ്റിൽ കൂടുതൽ സുരക്ഷാ ഒരുക്കാനായി ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ. എന്നാൽ ഇത് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. ഓൺലൈൻ സുരക്ഷാ ബിൽ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന സൈറ്റുകളിൽ പ്രവേശിക്കുന്നതിന് പ്രായം സ്ഥിരീകരണം ആവശ്യമാണ്. എന്നാൽ ഇതിന് സുതാര്യത കുറവാണെന്നും ആളുകളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമെന്നും ഡിജിറ്റൽ റൈറ്റ്സ് ഗ്രൂപ്പുകൾ പറയുന്നു. അശ്ലീല ഉള്ളടക്കം അടങ്ങുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോക്താവ് കുട്ടിയാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സെൽഫിയിൽ നിന്ന് പ്രായം കണക്കാക്കുന്നതുൾപ്പെടെയുള്ള രീതികൾ സ്വീകരിക്കും. ഔദ്യോഗിക ഐഡി, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അല്ലെങ്കിൽ വോയ്‌സ് റെക്കഗ്‌നിഷൻ ടെക്‌നോളജി എന്നിവ പരിശോധിക്കുന്നത് മറ്റ് രീതികളിൽ ഉൾപ്പെടുന്നു.
എന്നാൽ ഇതിൽ ആളുകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് പലരും കരുതുന്നില്ല. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ വെബ്‌സൈറ്റുകൾ നിർബന്ധിതരാകുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ടെന്ന് ഓപ്പൺ റൈറ്റ്സ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ ബയോമെട്രിക് ഡേറ്റകൾ സ്വകാര്യ കമ്പനികൾ ശേഖരിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് അവർ പറഞ്ഞു.
ഒൻപത് വയസ്സ് മുതൽ തന്നെ കുട്ടികൾ ഓൺലൈൻ പോണോഗ്രാഫിക്ക് വിധേയരാകുന്നുണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു . 13 വയസ്സുള്ളവരിൽ അൻപത് ശതമാനം പേരും ഇത് കാണുന്നുണ്ട്. വെബ്സൈറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പലരും ജനനതീയതി തെറ്റിച്ചുനൽകുന്നു. ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളെ, പ്രത്യേകിച്ച് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് സർക്കാർ ചിന്തിക്കുന്നതെന്ന് ടെക് മിനിസ്റ്റർ പോൾ സ്‌കല്ലി പറഞ്ഞു. എതിർപ്പിനിടയിലും ബില്ലിൽ ഇനി ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാകില്ല. ബിൽ അടുത്തയാഴ്ച ഹൗസ് ഓഫ് ലോർഡ്‌സിൽ വോട്ടിനിടും.
Leave a Reply