ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 37, 578 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 120 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. വെള്ളിയാഴ്ച പ്രതിദിന രോഗ വ്യാപനം 42,076 ഉം മരണനിരക്ക് 121 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,587 പേർക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസും 108, 290 പേർക്ക് രണ്ടാമത്തെ ഡോസും നൽകിയതായി ആരോഗ്യവകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരുടെ എണ്ണം 43, 251, 037 ആയി.
ബ്രിട്ടനിൽ ഈ മാസം തന്നെ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കും. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ഇതിൻറെ ഭാഗമായി ഫൈസറിൻെറ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് യുകെ ഒരുങ്ങുന്നത്. 2000 ഫാർമസികളിലൂടെ ആഴ്ചയിൽ 2.5 ദശലക്ഷം ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓക്സ്ഫോർഡ് അസ്ട്രാസെനക്ക വാക്‌സിൻ ലഭിച്ച ആളുകൾക്കും മൂന്നാംഘട്ടത്തിൽ ഫൈസറിൻെറ അല്ലെങ്കിൽ മോഡേണയുടെ ബൂസ്റ്റർ ഡോസ് ആയിരിക്കും ലഭിക്കുക.
50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .
Leave a Reply