ഒടുവിൽ മൗനമവസാനിപ്പിച്ച് കൊട്ടാരം ; ഹാരിയും ​മേഗനും നടത്തിയ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്​നങ്ങൾ സ്വകാര്യമായി പരിഹരിക്കു​മെന്നും കൊട്ടാരം

ഒടുവിൽ മൗനമവസാനിപ്പിച്ച് കൊട്ടാരം ; ഹാരിയും ​മേഗനും നടത്തിയ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്​നങ്ങൾ സ്വകാര്യമായി പരിഹരിക്കു​മെന്നും കൊട്ടാരം
March 11 05:59 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹാരിയുടെയും പത്നി മേഗന്റെയും വെളിപ്പെടുത്തലിൽ ഞെട്ടിയ ബക്കിംഗ്ഹാം കൊട്ടാരം ഒടുവിൽ മൗനം അവസാനിപ്പിച്ചു. രാജകുടുംബത്തിലെ വംശീയത സംബന്ധിച്ച്​ ഹാരി രാജകുമാരനും പത്​നി മേഗനും നടത്തിയ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ​അഭിമുഖത്തിന് ശേഷം മൗനം പാലിച്ച കൊട്ടാരം ഇപ്പോഴാണ് നിലപാട് വ്യക്തമാക്കുന്നത്. ഹാരിയും ​മേഗനും നടത്തിയ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്​നങ്ങൾ സ്വകാര്യമായി പരിഹരിക്കു​മെന്നും കൊട്ടാരം അറിയിച്ചു. ഹാരി-മേഗൻ ദമ്പതികൾക്കുണ്ടായ വിഷമത്തിൽ രാജകുടുംബം മുഴുവൻ ദു:ഖത്തിലാണെന്ന് ബക്കിങ്​ഹാം കൊട്ടാരം പറഞ്ഞു. ‘വംശീയത സംബന്ധിച്ച പ്രശ്​നം കൊട്ടാരം വളരെ ഗൗരവത്തിൽ പരിശോധിക്കും. കുടുംബം ഈ പ്രശ്​നം സ്വകാര്യമായി പരിഹരിക്കും. ഹാരിയും മേഗനും ആർച്ചിയും എപ്പോഴും സ്​നേഹം നിറഞ്ഞ രാജകുടുംബാംഗങ്ങൾ തന്നെയായിരിക്കും. ” കൊട്ടാരം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

അതേസമയം ഹാരിയുടെയും മേഗന്റെയും കുട്ടിയുടെ നിറത്തെ സംബന്ധിച്ചുള്ള ആരോപണവിധേയമായ സംഭാഷണത്തിൽ രാജ്ഞിയും എഡിൻ‌ബർഗ് ഡ്യൂക്കും ഉൾപ്പെട്ടിട്ടില്ലെന്ന് അഭിമുഖത്തിന് ശേഷം വിൻ‌ഫ്ര വ്യക്തമാക്കി. “അപ്രകാരം സംസാരിച്ചത് ആരാണെന്ന് ഹാരി വെളിപ്പെടുത്തിയിട്ടില്ല. ” വിൻഫ്ര കൂട്ടിച്ചേർത്തു. രാജകീയ ജീവിതത്തിന്റെ പിരിമുറുക്കവും ഒറ്റപ്പെടലും മൂലം അഞ്ചു മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചെന്ന് മേഗൻ വെളിപ്പെടുത്തിയിരുന്നു. കറുത്ത വംശജയായ മേഗന്​ പിറക്കുന്ന കുഞ്ഞ്​ എന്തുമാത്രം കറുപ്പായിരിക്കുമെന്ന ചോദ്യം കൊട്ടാരത്തിൽ നിന്നുതന്നെ ഉയർന്നു. മകൻ ആർച്ചിക്ക് ‘രാജകുമാരന്‍’ എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു. ഹാരിക്കൊപ്പം ജീവിതം തുടങ്ങു​മ്പോൾ സ്വാഗതമോതിയ രാജ്​ഞിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നീട് കയ്യൊഴിയുകയായിരുന്നു.

“ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, ‘നിനക്ക് സുരക്ഷ ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല’ എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി.” മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. വിവാഹത്തിനു ശേഷം പിതാവ്​ ചാൾസ്​ രാജകുമാരൻ തന്‍റെ ഫോൺ വിളികൾ എടുക്കാതായതോടെ ഇനിയും കുടുംബത്തിന്റെ ഭാഗമായി തുടരുന്നതിൽ അർത്ഥമില്ലെന്ന ചിന്തയാണ് തന്നെ മാറിതാമസിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹാരിയും വെളിപ്പെടുത്തിയിരുന്നു. രാജ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കുള്ള പദവികളെല്ലാം ഉപേക്ഷിച്ച്​ ഹാരി-മേഗൻ ദമ്പതികൾ ഇപ്പോൾ അമേരിക്കയിലാണ്​ കഴിയുന്നത്​.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles