ന്യൂസ് ഡെസ്ക്, മലയാളം യുകെ

യെമനു സമീപം വച്ച് ചെങ്കടലിൽ യുകെയുടെ ചരക്ക് കപ്പലിന് നേരെ കടുത്ത ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി യെമനിലെ അൽ മുഖയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്തായിരുന്നു ആക്രമണമെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.


കപ്പൽ യുകെയിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉടമ സ്ഥാവകാശത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നവംബർ മാസം മുതൽ ചെങ്കടലിൽ കൂടി യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരികയായിരുന്നു. യുകെയുടെ കപ്പലിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണവും ഹൂതി വിമതരുടെ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനായി യുകെയും യുഎസ്സും കഴിഞ്ഞ ആഴ്ചയിൽ സംയുക്തമായി ഇവർക്കെതിരെ വ്യോമാക്രമണം നടത്തി വരികയായിരുന്നു. യുഎഇയിലെ ബോർഫാക്കനിൽ നിന്ന് ബൾഗേറിയയിലെ വർണയിലേയ്ക്കുള്ള യാത്രയിലായിരുന്നു കപ്പൽ എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്