ന്യൂസ് ഡെസ്ക്
ആസ്തമ രോഗികൾ എൻഎച്ച് എസിലെ പിടിപ്പുകെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ. ആസ്തമ രോഗികൾക്ക് ഏറ്റവും മോശം ചികിത്സ നല്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ബ്രിട്ടൺ എന്നാണ് രോഗികളുടെ മരണനിരക്ക് തെളിയിക്കുന്നത്. യൂറോപ്പിലെ ശരാശരി നിരക്കിനേക്കാൾ യുകെയിൽ ആസ്തമ അറ്റാക്കുകൾ 50 ശതമാനം കൂടുതലാണ്. 2011 നുശേഷം ആസ്തമ അറ്റാക്കുമൂലം മരിച്ചവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായി. വേണ്ട രീതിയിലുള്ള ചികിത്സയും നിർദ്ദേശങ്ങളും രോഗികൾക്ക് ലഭിക്കാത്തതിനാലാണ് അനാവശ്യ മരണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അനാസ്ഥ മൂലമാണ് മിക്ക മരണങ്ങളും ഉണ്ടാകുന്നത്.
യുകെയിൽ ആസ്തമയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സാരീതി കാലഹരണപ്പെട്ടതാണെന്നും ഇതിൽ ഉടൻ മാറ്റങ്ങൾ ഉണ്ടാവണമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ആസ്തമ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾ ഈ രംഗത്ത് ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ മരണനിരക്ക് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. മെച്ചപ്പെട്ട പരിചരണവും ചികിത്സയും എൻഎച്ച്എസ് ഒരുക്കങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങൾ ആസ്തമ ചികിത്സയിൽ വൻ പുരോഗതി നേടിയപ്പോൾ യുകെയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആസ്തമ യുകെയുടെ റിസേർച്ച് ഡയറക്ടർ ഡോ. സാമന്ത വാക്കർ പറഞ്ഞു. രോഗികൾക്ക് ഇടയിലുള്ള പരിജ്ഞാനമില്ലായ്മയും മരണനിരക്ക് കൂടാൻ കാരണമായി കരുതപ്പെടുന്നു.
നേരത്തെ ആസ്തമ കണ്ടെത്തുക, ആസ്തമ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ തന്നെ എടുക്കുക, ഹെൽത്ത് കെയർ പ്രഫഷണലുകൾ ആസ്തമായ ഗൗരവകരമായ രീതിയിൽ സമീപിക്കുക എന്നീക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുകയും അതുവഴി ശ്വസനനാളി ഇടുങ്ങിയതാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആസ്തമ രോഗികളിൽ ഉണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണവും മറ്റ് രോഗങ്ങളും ആസ്തമ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 5.4 മില്യൺ ആസ്തമ രോഗികളാണ് ബ്രിട്ടണിൽ ഉള്ളത്. ഇതിൽ 1.1 മില്യൺ കുട്ടികളാണ്. ഇൻഹെയ്ലറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ആസ്തമ അറ്റാക്കിൽ നിന്ന് രക്ഷനേടാൻ കഴിയും. അതുപോലെ തന്നെ വർഷാവർഷമുള്ള ആസ്തമ റിവ്യൂ ചെയ്യുന്നതു ആക്ഷൻ പ്ലാൻ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതും ആസ്തമ രോഗികൾക്ക് ആശ്വാസം നല്കും.
Leave a Reply