നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടിക്കുന്നു. ചികിത്സ തേടിയോ അല്ലാതെയോ എന്‍എച്ച്എസുകളിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ ഹോം ഓഫീസിന് കൈമാറണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാതിരിക്കുന്നുവെന്നതിനുള്ള തെളിവുകളുണ്ടെന്ന് ഹെല്‍ത്ത് ബോസുമാര്‍ ആരോപിക്കുന്നു. ഈ നടപടി പൊതുജനാരോഗ്യ രംഗത്തെ ഗൗരവകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോഗ്യ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. മെഡിക്കല്‍ രംഗത്തെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുന്നതാണ് പുതിയ പ്രശ്‌നങ്ങളെന്നും ഇത് രോഗിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതായും ഡോക്ടര്‍മാരുടെയും രോഗികുടെയും കൂട്ടായ്മകള്‍ പറയുന്നു.

നാടുകടത്തല്‍ ഭീഷണി നിലനില്‍ക്കുന്നത് കാരണം പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ജിപിയെ സന്ദര്‍ശിക്കുന്നത് മാസങ്ങള്‍ വൈകിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് കമ്മറ്റി പറയുന്നു. അപകടങ്ങളെ തുടര്‍ന്നോ അല്ലാതെയോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം ആളുകള്‍ ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന കാരണംകൊണ്ടാണ് കുടിയേറ്റക്കാരായ ആളുകള്‍ ചികിത്സ തേടിയെത്തുന്നതെന്നും കമ്മറ്റി പറയുന്നു. തെരെസ മേയ് ഹോം സെക്രട്ടറിയായിരുന്ന സമയത്താണ് എന്‍എച്ച്എസും ചികിത്സക്കെത്തുന്ന സമയത്ത് വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്നതു സംബന്ധിച്ച പോളിസിക്ക് രൂപം നല്‍കിയത്. ഈ പോളിസി അനധികൃത കുടിയേറ്റക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

ഹോം ഓഫീസും എന്‍എച്ച്എസ് ഡിജിറ്റലുമായി തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച ധാരണാപത്രം (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) പ്രകാരം ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെയുള്ള വ്യക്തിവിവരങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. പരിശോധനയ്ക്ക് എത്തുന്ന രോഗികളുടെ അവസാനം താമസിച്ച സ്ഥലത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, ജന്‍മദിനം തുടങ്ങിയവ നല്‍കണം. എന്‍എച്ച്എസ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 8,000 ത്തോളം രോഗികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ കൈവശമുണ്ട്. ഈ വിവരങ്ങള്‍ ചെറിയ വ്യക്തിവിവരങ്ങള്‍ മാത്രമാണെന്നും രോഗങ്ങളെക്കുറിച്ചുള്ളവയോ രഹസ്യ സ്വഭാവമുള്ളവയോ അല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.