ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യൻ ഉക്രൈൻ സംഘർഷത്തെ തുടർന്ന് യുകെയിലെത്തുന്ന ഉക്രൈൻ അഭയാർഥികൾക്കുള്ള വിസാ നിയമത്തിൽ ഇളവ് വരുത്തി. രക്ഷയുടെ അധിനിവേശത്തെ തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് ഉക്രൈയിനിൽ നിന്ന് പാലായനം ചെയ്യുന്നത്. യുദ്ധമുഖത്തിൽ നിന്ന് പാലായനം ചെയ്യുന്ന 20,000 -ത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
യുകെയിൽ സ്ഥിര താമസമാക്കിയ ഉക്രൈയിൻ വംശജരുടെ അടുത്ത ബന്ധുക്കൾക്ക് അഭയം നൽകുന്ന പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ രൂപം നൽകിയിരിക്കുന്നത്. അഭയാർത്ഥികളായെത്തുന്ന ഉക്രൈൻ പൗരന്മാരെ സ്പോൺസർ ചെയ്യുവാൻ യുകെയിലെ സ്ഥാപനങ്ങൾക്ക് കഴിയും. ഉക്രൈൻ അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നടപടിയെ അപേക്ഷിച്ച് ബ്രിട്ടൻ ചെയ്യുന്നത് കുറവാണെന്ന കടുത്ത വിമർശനം നേരത്തെ ഉയർന്നുവന്നിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിസാ നിയമങ്ങളിൽ ഇളവ് വരുത്തി യുകെയുടെ നിലപാട് പ്രഖ്യാപിച്ചത്.
അഭയാർത്ഥികളായ ഉക്രൈയിൻകാരെയും അവരുടെ ബന്ധുക്കളെയും സഹായിക്കാനായി ഉദാര പൂർവ്വമായ നടപടികളാണ് യുകെ സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പാർലമെൻറിൽ പറഞ്ഞു. ഉക്രൈയിൻകാർക്കുള്ള എല്ലാ വിസാ നിയന്ത്രണങ്ങളും ഇളവുചെയ്യണമെന്ന നിർദ്ദേശത്തോട് അനുകൂലമായ നിലപാടല്ല സർക്കാരിനുള്ളത്. റഷ്യൻ സൈന്യം ഉക്രൈയിൻ സേനയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതും ഉക്രൈയിനിൽ തന്നെ തീവ്രവാദികളായുള്ള പൗരന്മാരുടെ സാന്നിധ്യവുമാണ് സർക്കാർ നിലപാടിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Leave a Reply