ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ഡിസംബർ 12ന് ബ്രിട്ടനിൽ ജനറൽ ഇലക്ഷൻ നടത്തണമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആവശ്യം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചു. ഹൗസ് ഓഫ് കോമൺസിൽ 430 വോട്ടുകൾക്കാണ് ഈ തീരുമാനം പാസായത്. 1923 -ന് ശേഷം ഡിസംബർ മാസത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായി ഇത് മാറും. ഹൗസ് ഓഫ് ലോർഡ്‌സ് ഇനിയും തീരുമാനം അംഗീകരിക്കാൻ ഉണ്ടെങ്കിലും, ഈ ആഴ്ചയോടെ കൂടി തീരുമാനം നിയമപരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രചരണത്തിന് അഞ്ചു ആഴ്ചകൾ മാത്രമാണ് ലഭിക്കുന്നത്. ബ്രെക്സിറ്റിനെ സംബന്ധിച്ചും, രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ജനങ്ങൾക്കും തീരുമാനമെടുക്കാനുള്ള അവകാശമാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പോടുകൂടി ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി ജോൺസൺ. ബ്രെക്സിറ്റ് നടപ്പിലാക്കാൻ രാജ്യത്തെ ജനങ്ങൾ ഒരുമിക്കണം എന്ന ആവശ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. ബ്രെക്സിറ്റിനെ എതിർത്തതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ 21 എംപിമാരിൽ, പത്ത് പേരെ വീണ്ടും കൺസർവേറ്റീവ് സ്ഥാനാർഥികളായി അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഒരു അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ രേഖപ്പെടുത്തി. അതിനായി തന്നെ പാർട്ടി വളരെ ശക്തമായ പ്രചാരണ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോറിസ് ജോൺസന്റെ അടിച്ചമർത്തലുകൾക്ക് എതിരെ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള ഒരു അവസരം ആണെന്നും, ലേബർ പാർട്ടി എന്നും ജനങ്ങളോടൊപ്പം ആണെന്നും ഷാഡോ ക്യാബിനറ്റ് മിനിസ്റ്റർ ആൻഡ്രൂ രേഖപ്പെടുത്തി. എന്നാൽ ഇലക്ഷനോട് ലേബർ പാർട്ടിയിലെ ചില എംപിമാർ അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. ലിബറൽ ഡെമോക്രാറ്റുകളും ഇലക്ഷനെ അംഗീകരിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് തടയാനുള്ള മാർഗ്ഗം ആയാണ് ഇലക്ഷനെ കാണുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. ഇതിനു മുൻപ് മൂന്നു പ്രാവശ്യം ഇലക്ഷൻ തീരുമാനിച്ചപ്പോൾ പാർലമെന്റ് അംഗീകാരം ബോറിസ് ജോൺസന് ലഭിച്ചിരുന്നില്ല. ഇപ്രാവശ്യം ആറുമണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
Leave a Reply