ലണ്ടന്‍: യാത്രക്കാരെ ദുരിതത്തിലാക്കിക്കൊണ്ട് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്ന നടപടി തുടരുന്ന റയന്‍എയര്‍ നിയമനടപടിയെ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഇതു സംബന്ധിച്ച് വിമാനക്കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് സിഎഎ നടപടിയെടുക്കുമെന്ന സൂചന നല്‍കിയത്. രണ്ടാഴ്ചയെങ്കിലും മുമ്പ് മുന്നറിയിപ്പ് നല്‍കി വിമാനം റദ്ദാക്കിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിബന്ധന. എന്നാല്‍ റദ്ദാക്കിയ വിമാനത്തിനു പകരം മറ്റൊരെണ്ണമോ മറ്റേതെങ്കിലും കമ്പനിയുടെ വിമാനമോ ഏര്‍പ്പെടുത്തണമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനയാണ്. ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത്. 2002ലെ എന്റര്‍പ്രൈസ് ആക്ട് അനുസരിച്ച് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സിഎഎ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹെയിന്‍സ് വിമാനക്കമ്പനിയുടെ ലീഗല്‍ ചീഫിന് കത്തെഴുതി. സെപ്റ്റംബര്‍ 18ന് കത്ത് കൈമാറിയതായി സിഎഎ അറിയിച്ചു. റയന്‍എയര്‍ മേധാവി നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് നോട്ടീസ് നല്‍കിയത്.

യാത്രക്കാരെ മറ്റു വിമാന സര്‍വീസുകളിലേക്ക് നയിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല എന്നായിരുന്നു റയന്‍എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കിള്‍ ഒ ലീറി പറഞ്ഞത്. പ്രസ്താവന തിരുത്തണമെന്ന് സിഎഎ ആവശ്യപ്പെട്ടിരുന്നു. അതിന് കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം വരെ 2100 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയെന്ന് അറിയിച്ച കമ്പനി പിന്നീട് നവംബറിനും മാര്‍ച്ചിനുമിടയില്‍ 18,000 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി അറിയിച്ചു. 4,00,000 യാത്രക്കാരെ ബാധിക്കുന്ന നീക്കമാണ് ഇത്. പൈലറ്റുമാരുടെ ക്ഷാമം മൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.