ന്യൂസ് ഡെസ്ക്, മലയാളം യുകെ

സിറിയയിൽ ബശ്ശാറുൽ അസദിനെ അട്ടിമറിച്ചതിനെ തുടർന്ന് ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിനെ (എച്ച്ടിഎസ്) നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം യുകെ സർക്കാർ പരിഗണിക്കുന്നു. സിറിയയിലെ സ്ഥിതിഗതികൾ സുസ്ഥിരമാണെന്നും ഇത് തുടർന്നാൽ നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ എടുക്കുമെന്നും ക്യാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ പറഞ്ഞു. അൽ-ഖ്വയ്ദയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി, 2017-ലാണ് തീവ്രവാദ ഗ്രൂപ്പായി എച്ച്ടിഎസിനെ പ്രഖ്യാപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വർഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം എച്ച്ടിഎസും സഖ്യകക്ഷികളും ഡമാസ്കസിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ, അസദിൻ്റെ ഭരണത്തിൻ്റെ അന്ത്യത്തെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ സ്വാഗതം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയമാറ്റത്തിനുള്ള സാധ്യത ഉയർന്നത്. ഭീകരവാദ നിയമം 2000 പ്രകാരം, ആനുപാതികമെന്ന് കരുതുന്ന പക്ഷം തീവ്രവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ നിരോധിക്കാനോ പട്ടികയിൽ നിന്ന് പുറത്താക്കാനോ ആഭ്യന്തര സെക്രട്ടറിക്ക് അധികാരമുണ്ട്.

എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അൽ-ജവ്‌ലാനി, 2016-ൽ അൽ-ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. നിലവിൽ ഒരു അവലോകന പ്രക്രിയ നടക്കുന്നുണ്ടെന്ന് കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ സ്ഥിരീകരിച്ചു. സിറിയയിലെ സ്ഥിതി സുസ്ഥിരമാകുകയാണെങ്കിൽ, പുതിയ ഭരണകൂടവുമായി എങ്ങനെ ഇടപെടണമെന്ന് സർക്കാർ വേഗത്തിൽ തീരുമാനിക്കേണ്ടതുണ്ടെന്ന് മക്ഫാഡൻ അഭിപ്രായപ്പെട്ടു. നിലവിലെ നിയമപ്രകാരം, ഒരു നിരോധിത ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതോ അതിൽ ചേരുന്നതോ ക്രിമിനൽ കുറ്റമാണ്. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.