ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കടകളിൽ നിൽക്കുന്ന തൊഴിലാളികൾക്കെതിരെയുള്ള അക്രമത്തിൻ്റെയും ദുരുപയോഗത്തിൻ്റെയും റിപ്പോർട്ടുകൾ കുതിച്ചുയരുന്നതായി ബിബിസി റിപ്പോർട്ട്. തങ്ങൾക്ക് നേരെ ആക്രോശിക്കുന്നതും അസഭ്യം പറയുന്നതും ഇപ്പോൾ ഒരു നിത്യ സംഭവം ആയി മാറിയിരിക്കുകയാണെന്ന് ഒരു ജീവനക്കാരൻ പറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കടകളിലെ തൊഴിലാളികൾക്കെതിരായ അക്രമവും ദുരുപയോഗവും കഴിഞ്ഞ വർഷം ഒരു ദിവസം 1,300 സംഭവങ്ങളായി ഉയർന്നതായി കണ്ടെത്തിയിരുന്നു.
റീട്ടെയിൽ ട്രേഡ് ബോഡിയുടെ 2023 സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം ജീവനക്കാർക്കെതിരായ മോശമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻെറ എണ്ണം 50% വർദ്ധിച്ചതായി കണ്ടെത്തി. കടകളിൽ നടക്കുന്ന മോഷണങ്ങളിൽ പലർക്കും നല്ലൊരു തുക നഷ്ടമായിട്ടുണ്ട്. കോവിഡിന് ശേഷമാണ് ഉപഭോക്താക്കളുടെ സ്വഭാവത്തിൽ ഇത്തരം ഒരു മാറ്റമെന്ന് ഒട്ടുമിക്ക ജീവനക്കാരും പറയുന്നു.
തൊഴിലാളികൾക്ക് നേരെയുള്ള അക്രമം ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്ട് ലൻഡിലുമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കെതിരായ സംഭവങ്ങളിൽ വംശീയ അധിക്ഷേപവും ലൈംഗികാതിക്രമവും തുടങ്ങി ശാരീരികമായ ആക്രമണവും ആയുധങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിയും വരെ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ 8,800 ഓളം എണ്ണത്തിൽ ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
Leave a Reply