റ്റിജി തോമസ് 

ലണ്ടൻ സന്ദർശനത്തിന്റെ രണ്ടു ദിവസങ്ങളിലും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ്, ട്യൂബ് ട്രെയിനെയും സിറ്റി ബസ് സർവീസിനേയും ആണ് ഞങ്ങൾ പ്രധാനമായും ആശ്രയിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടേറെ സ്ഥലങ്ങളിൽ എത്തിപ്പെടാൻ ഒരു പ്രധാന കാരണം ബിജോയിയുടെ ലണ്ടനിലെ വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള പരിചയവും പൊതു ഗതാഗത സംവിധാനത്തിൻ്റെ കാര്യക്ഷമതയുമാണ്.

ട്യൂബ് ട്രെയിൻ സർവീസിലെ യാത്ര ലണ്ടൻ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. ലണ്ടൻ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖലയാണ് ട്യൂബ് സർവീസ് . നഗരസഞ്ചാരത്തിന് ഊർജ്ജം പകരുന്ന നാഡീവ്യൂഹം പോലെയാണ് ലോകത്തിലെ ആദ്യ അണ്ടർ ഗ്രൗണ്ട് റെയിൽവേ സംവിധാനമായ ട്യൂബ് ട്രെയിൻ പ്രവർത്തിക്കുന്നത്.

1863 ജനുവരി 10 – ന് ആണ് ലണ്ടൻ ട്യൂബിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ നാമം മെട്രോപൊളിറ്റൻ റെയിൽവേ എന്നായിരുന്നു. ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യകാല യാത്രയിൽ Sണലുകൾ നീരാവികൊണ്ട് നിറയുമായിരുന്നു. 1890-ൽ ലോകത്തിലെ തന്നെ ആദ്യ ഇലക്ട്രിക് അണ്ടഗ്രൗണ്ട് ട്രെയിൻ സർവീസായി ലണ്ടൻ ട്യൂബ് പരിണമിച്ചു.

പ്രധാനപ്പെട്ട 11 ലൈനുകളിലായി വ്യാപിച്ച് കിടക്കുന്നതാണ് ഇന്നത്തെ ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിൻ സർവീസ്. 402 കിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ലണ്ടൻ ട്യൂബ് പ്രതിദിനം 5 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്.

ഡബിൾ ഡക്കർ ബസിൽ ലണ്ടൻ ചുറ്റി കാണണം . ഞാൻ നേരത്തെ മനസ്സിൽ ആഗ്രഹിച്ചിരുന്നതും സാധിച്ചു. 3 ദിവസത്തെ ലണ്ടൻ സന്ദർശനത്തിന് പല പ്രാവശ്യം ഞങ്ങൾക്ക് ബസ്സിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചു. ബസ് കാത്തിരിപ്പു സ്ഥലത്തെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡിൽ അടുത്തതായി വരുന്ന ബസിന്റെ കൃത്യമായ സമയം കാണിക്കുന്നതിനാൽ കാത്തിരിപ്പിനെ കുറിച്ച് ഒരു വേവലാതി ഉണ്ടായിരുന്നില്ല. എല്ലാ യാത്രക്കാരും കാർഡ് സ്‌വൈപ്പ് ചെയ്താണ് ടിക്കറ്റിന്റെ ഫീ അടയ്ക്കുന്നത്. ജോജി എനിക്കായി ഒരു കാർഡ് കരുതിയത് അനുഗ്രഹമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീൽ ചെയറിൽ ബസ് കാത്തുനിന്ന ഒരാൾക്കായി ബസിന്റെ ലിഫ്റ്റുകൾ പ്രവർത്തിച്ചത് കൗതുകകരമായി. വളരെ ക്ഷമയോടെയും സൗമ്യതയോടെയുമുള്ള ബസ് ജീവനക്കാരുടെ ഇടപെടൽ അനുകരണീയമായിരുന്നു.

ലണ്ടൻ യാത്രയിൽ ഓർമ്മയിൽ തങ്ങിനിൽക്കുന്ന മറ്റൊരു കാര്യം പ്രഭാതത്തിലും വൈകിട്ടും ഞങ്ങളുടെ ഹോംസ്റ്റേയിലേയ്ക്കുള്ള നടത്തമായിരുന്നു . ട്യൂബ് ട്രെയിൻ അല്ലെങ്കിൽ ബസ് കിട്ടുന്നിടം വരെ ഏകദേശം ഒരു കിലോമീറ്ററിലധികം നടക്കേണ്ടിയിരുന്നു. പക്ഷേ നഗര തിരക്കുകൾ അധികം ബാധിക്കാത്ത പച്ചപ്പ് നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെയുള്ള നടത്തം രസകരമായ അനുഭവം പ്രദാനം ചെയ്യുന്നതായിരുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.