റ്റിജി തോമസ്

സമയം വൈകിട്ട് 7 :20 . പ്രതീക്ഷിച്ചതിലും 10 മിനിറ്റ് മുന്നേയാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത്. ഞാൻ മാഞ്ചസ്റ്ററിൽ, യുകെയുടെ മണ്ണിൽ എത്തിയിരിക്കുന്നു. ആ സമയത്ത് യുകെയിൽ മാത്രം രണ്ടാഴ്ചക്കാലത്ത് 2000 കിലോമീറ്ററോളം സഞ്ചരിക്കുമെന്നോ… മലയാളികളും ഇംഗ്ലീഷുകാരും ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പലരെയും പരിചയപ്പെടാൻ സാധിക്കുമെന്നോ എനിക്കറിയില്ലായിരുന്നു . അധികം മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.

മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ പരിശോധനയ്ക്കായി ക്യൂ നിന്നപ്പോൾ കണ്ടത് ലോകത്തിലെ തന്നെ , പല ഭാഗത്തുനിന്നുള്ളവർ . രൂപത്തിലും വേഷത്തിലും വ്യത്യസ്തർ . സമയം 7. 30 കഴിഞ്ഞിരിക്കുന്നു . അന്ന് രാവിലെ കൊച്ചിയിൽ നിന്ന് 4. 30 -ന് ആരംഭിച്ച യാത്ര. 20 മണിക്കൂറിന്റെ യാത്ര സമയം. എന്നെ യാത്രയയച്ചവർക്ക് ഇപ്പോൾ പാതിരാവായി. ഭൂമിയുടെ ഭ്രമണ ചക്രത്തിൽ 5 മണിക്കൂർ ഞാൻ തിരിച്ച് പിടിച്ചിരിക്കുന്നു.

യുകെ പാസ്പോർട്ട് ഇല്ലാത്തവരുടെ ക്യൂവിൽ നിൽക്കുമ്പോൾ കൊച്ചിയിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്നുള്ള ചോദ്യങ്ങൾ എന്നെ വേട്ടയാടിയിരുന്നു. കൊച്ചി എയർപോർട്ടിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മലയാളിയായ ഓഫീസർക്ക് ഞാൻ ഒരു അനധികൃത കുടിയേറ്റക്കാരനാണെന്നുള്ള ഭാവമായിരുന്നു. എൻറെ ഓരോ ഉത്തരവും മുഴുപ്പിക്കുന്നതിനു മുമ്പ് അയാൾ അടുത്ത ചോദ്യം ഉയർത്തി. പിന്നെ മുതിർന്ന ഒരു ഓഫീസറുടെ അടുത്തേയ്ക്ക് . എല്ലായിടത്തും ഞാൻ ഒരു കോളേജ് അധ്യാപകനാണെന്നും യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെ ന്യൂസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞത് പാതി മനസ്സോടെയാണ് അവർ മനസ്സിലാക്കിയതോ അതോ കേട്ടതോ ? എൻറെ ഫോണിൽ സൂക്ഷിച്ചിരുന്ന മലയാളം യുകെയുടെ പരിപാടിയുടെ ബ്രോഷർ ഞാൻ കാണിച്ചെങ്കിലും അവരത് വായിച്ചോ? അതോ തിരക്കിട്ട് വായിക്കുന്നത് പോലെ അഭിനയിക്കുകയായിരുന്നോ?

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല.

ഇനി ഒരു പക്ഷേ അവരെന്റെ യാത്ര മുടക്കുമോ എന്നു തന്നെ ഞാൻ ആശങ്കപ്പെട്ടു. അവസാനം മൊബൈലിൽ മലയാളം യുകെ ന്യൂസിന്റെ ഓൺലൈൻ പോർട്ടൽ ഞാൻ അവർക്ക് കാണിച്ചു കൊടുത്തു.

ഒരു പക്ഷേ യുകെയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരമായി കാണുന്നവരുടെ ഗണത്തിൽ പെടാത്ത വെറും രണ്ടാഴ്ച കാലത്തേയ്ക്ക് മാത്രം പോകുന്ന ഒരുവനെ സംശയത്തോടെ കാണാൻ അവരുടെ ഉദ്യോഗം പ്രേരിപ്പിച്ചതാകാം. ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ വിസയ്ക്കായി സമർപ്പിച്ച എല്ലാ പേപ്പറുകളും കൈയിൽ കരുതുമായിരുന്നു എന്ന് ഞാൻ അയാളോട് പറഞ്ഞു.

” താങ്കൾ തിരിച്ചു വരുമെന്ന് ഉറപ്പാക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്. ”

ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് നടക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.. എന്തൊരു സ്നേഹം… ആത്മാർത്ഥത…

മാഞ്ചസ്റ്ററിലെ ഇമിഗ്രേഷൻ നടപടികൾ ലളിതമായിരുന്നു. ഒന്ന് രണ്ട് ചോദ്യങ്ങൾ. സായിപ്പ് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മുന്നേ തന്നെ ഞാൻ റിട്ടേൺ ടിക്കറ്റ് മൊബൈലിൽ കാട്ടി കൊടുത്തു.

നന്ദി പറഞ്ഞു നടന്നപ്പോൾ സന്തോഷം തോന്നി … സായിപ്പിന് എൻറെ മുഖത്ത് കള്ള ലക്ഷണം തോന്നിയില്ലല്ലോ … മാഞ്ചസ്റ്റർ എയർപോർട്ടിൽ ലഗേജിനു വേണ്ടി കാത്തു നിന്നപ്പോൾ ഫ്ലൈറ്റിലെ അടുത്ത സീറ്റിലിരുന്ന സഹയാത്രികയായ എലിസബത്തിനെ വീണ്ടും കണ്ടുമുട്ടി.

എലിസബത്തിന്റെയും കൂട്ടുകാരികളുടെയും സഞ്ചാരങ്ങൾ ആദ്യമായി വിദേശ യാത്ര നടത്തുന്ന എനിക്ക് അതിശയം ആയിരുന്നു.

ആ കഥ അടുത്ത ആഴ്ച …

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.