റ്റിജി തോമസ്
സത്യത്തിൽ ഞങ്ങൾ ഒരു ഓട്ടപ്രദക്ഷിണത്തിലായിരുന്നു. കുറഞ്ഞ സമയം കൊണ്ട് പാർലമെൻറ് സ്ക്വയർ, വെസ്റ്റ് മിനിസ്റ്റർ ആബി തുടങ്ങിയ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഒട്ടേറെ സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു. ബ്രിട്ടന്റെ പ്രൗഢഗംഭീരമായ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര സ്മാരകമാണ് വെസ്റ്റ് മിനിസ്റ്റർ ആബി. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ബ്രിട്ടന്റെ ചരിത്രത്തിലെ നിർണായക നിമിഷങ്ങൾക്ക് സാക്ഷിയായ ഈ പള്ളി യുകെയിലെ ഏറ്റവും പ്രശസ്തമായ പൈതൃക കേന്ദ്രത്തിലൊന്നാണ്.
AD 960 -ൽ നിർമ്മിച്ച വെസ്റ്റ് മിൻസ്റ്റർ ആബി ആദ്യകാലങ്ങളിൽ ഒരു ബെനഡിക്ടിൻ മഠമായിരുന്നു. മതപരമായ ചടങ്ങുകൾക്കൊപ്പം ശാസ്ത്ര പഠനത്തിനും വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും പ്രാധാന്യം കൽപിച്ചിരുന്ന ബെനഡിക്ടിൻ സന്ന്യാസ സമൂഹം പള്ളിയോട് അനുബന്ധിച്ച് നല്ലൊരു ഗ്രന്ഥശാലയും ഉണ്ടാക്കിയിരുന്നു. ക്രമേണ വെസ്റ്റ് മിൻസ്റ്റർ ആബി മതപരമായ മാത്രമല്ല എല്ലാ അർത്ഥത്തിലും ഒരു ബൗദ്ധിക കേന്ദ്രമായി മാറി.
പിന്നീട് 11-ാം നൂറ്റാണ്ടിൽ എഡ്വേർഡ് രാജാവാണ് ഈ മഠത്തെ വിപുലീകരിക്കുകയും ഭംഗിയുള്ള ഒരു പള്ളി നിർമ്മിക്കുകയും ചെയ്തത് . എഡ്വേർഡ് രാജാവ് മരിച്ച ശേഷം അദ്ദേഹത്തെ അവിടെ അടക്കം ചെയ്തതോടെ വെസ്റ്റ് മിൻസ്റ്റർ ആബിക്ക് രാജകീയ പ്രാധാന്യവും ലഭിച്ചു.
മതവും സാഹിത്യവും ശാസ്ത്രവും മനോഹരമായി സമന്വയിപ്പിക്കുന്നതാണ് ഈ ചരിത്ര സ്മാരകത്തെ ഇത്രയും വേറിട്ടതാക്കുന്നത്. ഇവിടുത്തെ പോയറ്റ് കോർണർ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. വില്യം ഷേക്സ്പിയർ ചാൾസ് ഡിക്കൻസ് തുടങ്ങിയ പ്രശസ്തരായ കവികളുടെയും നോവലിസ്റ്റുകളുടെയും നാടകകൃത്തുക്കളുടെയും ശാസ്ത്രജ്ഞന്മാരുടെയും ശവകുടീരങ്ങളും സ്മാരക ഫലങ്ങളും ആണ് പോയറ്റ് കോണറിനെ വ്യത്യസ്തമാക്കുന്നത്. പ്രശസ്തമായ ഗ്രന്ഥങ്ങൾ കൈയ്യെഴുത്തായി പകർത്തി തലമുറകൾക്ക് കൈമാറുന്നതിനായി സൂക്ഷിക്കുന്നതിൽ ഈ ആരാധനാലയത്തിന് വലിയ ഒരു പങ്കുണ്ട്.
11-ാം നൂറ്റാണ്ടിൽ വില്യം രാജാവ് ഇവിടെ കിരീടധാരണം നടത്തിയതോടെ വെസ്റ്റ് മിനിസ്റ്റർ ആബി രാജകീയ ചടങ്ങുകളുടെ കേന്ദ്രമായി മാറി. അന്നുമുതൽ ഇന്ന് വരെ ബ്രിട്ടനിലെ എല്ലാ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിരീട ധാരണ ചടങ്ങുകൾ രാജകീയ വിവാഹങ്ങൾ തുടങ്ങി ഒട്ടേറെ പ്രാധാന്യമുള്ള ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്.
വെസ്റ്റ്മിനിസ്റ്റർ അണ്ടർ ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രമാണ് പാർലമെൻറ് സ്ക്വയറിലേയ്ക്ക് ഉള്ളത്. ബ്രിട്ടീഷ് പാർലമെന്റിന്റെ ചരിത്രം 700 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയിൽ വലിയ സ്വാധീനമാണ് യുകെ പാർലമെന്റിനുള്ളത്.
പാർലമെന്റ് മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു . എംപി ബോർഡ് വെച്ച വാഹനത്തിൽ ഒരു ജനപ്രതിനിധി ആളും ആരവവും ഇല്ലാതെ സ്വയം കാറോടിച്ച് പാർലമെന്റിലേയ്ക്ക് പോകുന്നത് കൗതുകത്തോടെയാണ് കണ്ടത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.












Leave a Reply