റ്റിജി തോമസ്
എന്റെ ലണ്ടൻ സന്ദർശനത്തിനിടയിലുണ്ടായ ഏറ്റവും വ്യക്തിപരമായ ചില അനുഭവങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ലണ്ടന്റെ ഹൃദയഭാഗമായ ബക്കിംഗ്ഹാം കൊട്ടാരത്തിനും പാർലമെൻറ് സ്ക്വയറിനും സമീപമായി പരിചയപ്പെട്ട മോസസ് വ്യോമനിക്കേയുടെ രൂപം ഏറെനാൾ എൻറെ മനസ്സിനെ വേട്ടയാടിയിരുന്നു. യുകെയിലെങ്ങുമുള്ള അഭയാർത്ഥി പ്രവാഹവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും വാർത്തകളിൽ നിറയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് എത്തി പ്രതിഷേധത്തിന്റെ പ്ലക്കാർഡുമായി നിൽക്കുന്ന അയാളുടെ രൂപം മനസ്സിനെ വല്ലാതെ മതിക്കുന്നതായിരുന്നു. ഒരുപക്ഷേ ജീവിത ചിലവ് വർദ്ധനവിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന ബോർഡുമായി ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച അയാളുടെ നിൽപ്പ് താൻ പ്രതിനിധാനം ചെയ്യുന്ന ഒട്ടേറെ പേരുടെ ദൈന്യത ചുമലിലേറ്റിയാണെന്ന ചിന്തയാണ് എൻറെ മനസ്സിൽ ഉണ്ടായത്. നൈജീരിയക്കാരനായ മോസസ് ഒരുപക്ഷേ യുകെയിലെത്തിയ അനേകം അനധികൃത കുടിയേറ്റക്കാരിലെ പരാജയപ്പെട്ടവരുടെ പ്രതീകമാണ്.

വിരോധാഭാസം എന്ന് പറയുന്നത് നിരവധി സംരംഭങ്ങൾ ലണ്ടനിൽ നടത്തുന്ന ഞങ്ങളുടെ ഹോം സ്റ്റേ ഉടമയും ഒരു നൈജീരിയക്കാരനാണ് എന്നതാണ് . ലണ്ടനിൽ ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഉടമ ബെഞ്ചമിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
പാർലമെൻറ് സ്ക്വയറും വെസ്റ്റ് മിനിസ്റ്റർ ആബിയും സന്ദർശിച്ചതിനു ശേഷം മുന്നിലുള്ള വിശാലമായ ഗ്രൗണ്ട് ചുറ്റിക്കറങ്ങിയ ഞങ്ങളുടെ ശ്രദ്ധ പെട്ടെന്നാണ് ഒരു ആൾക്കൂട്ടത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്. ആൾക്കൂട്ടത്തിന് നടുക്ക് കുറെ ചെറുപ്പക്കാർ സംഗീത ഉപകരണങ്ങളും വീഡിയോ ക്യാമറയുമായി അരങ്ങു തകർക്കുകയാണ്. ഏതോ ടിവി പരിപാടിയാണെന്നാണ് പെട്ടെന്ന് കരുതിയത്.

സാക്സോഫോണുകളും അനുബന്ധ സംഗീത ഉപകരണങ്ങളും മറ്റും വിൽക്കുന്ന Sax.co. uk എന്ന യു കെ ആസ്ഥാനമായുള്ള ഓൺലൈൻ സ്റ്റോറിന്റെ പരസ്യാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു അത് . കാഴ്ചക്കാരോട് ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ച് സമ്മാനം കൊടുക്കുന്ന പരിപാടിയിൽ ശരിയുത്തരം പറഞ്ഞ് 5 പൗണ്ട് സമ്മാനം ലഭിച്ചു. കാണികളോട് സൗമ്യമായി തമാശരൂപേണ വ്യത്യസ്തമായി ഇടപെട്ട് തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്ന കുറെ ചെറുപ്പക്കാർ.
സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ പുതിയ ആൾക്കാരുമായി പരിചയപ്പെടുന്നതിനുള്ള അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ലണ്ടൻ സന്ദർശനത്തിനിടെ അങ്ങനെയുള്ള പരിചയപ്പെടലുകൾ കുറവായിരുന്നു . എന്നിരുന്നാലും റിക്ഷകൾ അത്ര സാധാരണമല്ലാത്ത ലണ്ടനിൽ വെച്ച് പരിചയപ്പെട്ട റിക്ഷാ ഡ്രൈവർ പവൽ ആ കൂട്ടത്തിൽ പെടുന്നയാളാണ്.

ഞങ്ങൾ താമസിച്ചിരുന്ന ഹോം സ്റ്റേയുടെ സമീപത്തുള്ള വീടുകളുടെ മുകൾഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ചിമ്മിനികളെ എൻറെ ശ്രദ്ധയിൽ പെടുത്തിയത് ജോജി ആണ്. ഇത്തരം ചിമ്മിനികൾ ഈ നാടിൻറെ കാലാവസ്ഥയോട് അനുബന്ധിച്ച് ആദ്യകാലങ്ങളിൽ അനിവാര്യമായിരുന്നു. കൽക്കരി ഉപയോഗിച്ച് വീടിൻറെ ഉൾവശം ചൂടു നിലനിർത്തിയിരുന്ന കാലത്ത് പുക പുറത്തേയ്ക്ക് വമിക്കാനായി ആണ് ഈ ചിമ്മിനികൾ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇന്ന് സെൻട്രൽ ഹീറ്റിംഗ് സംവിധാനങ്ങൾ വ്യാപകമായതോടെ ചിമ്മിനികളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു. എന്നിരുന്നാലും പോയ കാലത്തിൻറെ പൈതൃകത്തിന്റെ ഭാഗമായി ലണ്ടനിലെ പല പഴയ വീടുകളും ഇപ്പോഴും ചിമ്മിനികളെ അലങ്കാരത്തിന്റെ ഭാഗമായി നിലനിർത്തുന്നുണ്ട്. ഈ ചിമ്മിനികളെ കുറിച്ച് കൂടുതൽ അനേഷിച്ചപ്പോഴാണ് ഒലിവർ ട്വിസ്റ്റ് പോലുള്ള ബ്രിട്ടീഷ് ക്ലാസിക്കുകളിൽ വരെ ചിമ്മിനികളെ കുറിച്ചുള്ള പരാമർശം ഉണ്ടെന്ന് മനസ്സിലായത്. ആദ്യകാലങ്ങളിൽ ചിമ്മിനികൾ സാമ്പത്തികമായി പുരോഗമിച്ച ഉന്നതരുടെ വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 16-ാം നൂറ്റാണ്ടോടെയാണ് ചിമ്മിനികൾ സാധാരണക്കാരുടെ വീടുകളിലും വ്യാപകമായത്.

ലണ്ടനിൽ ഉണ്ടായിരുന്ന മൂന്ന് ദിനരാത്രങ്ങളിൽ ഏറിയ പങ്കും ഞങ്ങൾ ഹോംസ്റ്റേയ്ക്ക് പുറത്തായിരുന്നു. ശരിക്കും ഓട്ടപ്രദക്ഷിണം. പക്ഷേ ഒന്നാം നിലയിലെ ഹോംസ്റ്റയിലെ വൈകുന്നേരങ്ങളിലെ ഒത്തുചേരലും താമസവും മനോഹരമായിരുന്നു. പ്രധാനകാരണം ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് നടത്തിയ പാചകം തന്നെ . പകൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കഞ്ഞി കുടിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഇടയ്ക്കൊക്കെ ഇങ്ങനെ യാത്രകൾ പോകാറുള്ള ജോജി മതിയായ തയ്യാറെടുപ്പോടെയാണ് വന്നിരുന്നത്. കഞ്ഞി മാത്രമല്ല ഫ്രോസൺ ചെയ്ത പൊറോട്ടയും ജോജിയുടെ ഭാര്യ മിനി കൊടുത്തുവിട്ട വിവിധ കറികളും അച്ചാറും പിന്നെ ഞങ്ങളുടെ സ്വയം പാചകങ്ങളുമായി രണ്ടു രാത്രിയും ഞങ്ങൾ ശരിക്കും ആഘോഷിച്ചു . പകൽ മുഴുവൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്ഷീണിതരായിരുന്നെങ്കിലും എല്ലാദിവസവും രാത്രി 12 മണി വരെ പാചകവും കൊച്ചു വർത്തമാനവുമായി നീണ്ട മനോഹരമായ രാത്രികൾ.
യുകെയിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ ലണ്ടൻ സന്ദർശിക്കാൻ സാധിക്കുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. എൻറെ യുകെ സന്ദർശനം എന്നും ഓർമ്മയിൽ നിൽക്കുന്നതായിരിക്കണമെന്നും എന്നെ ലണ്ടൻ നഗരത്തിലെ ചരിത്രമുറങ്ങുന്ന സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണിക്കണമെന്നുമുള്ള ജോജിയുടെയും മിനിയുടെയും ദൃഢനിശ്ചയമാണ് അതിന് വഴിതുറന്നത്. സ്വതവേ യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന എൻറെ മനസ്സിൽ ജീവിതകാലം മുഴുവൻ തങ്ങിനിൽക്കുന്ന ഓർമ്മകളാണ് യുകെ യാത്രയും പ്രത്യേകിച്ച് ലണ്ടൻ സന്ദർശനവും സമ്മാനിച്ചത്.
യുകെയിൽ എത്തിയ ആദ്യ ദിവസം തന്നെ പരിചയപ്പെട്ടതാണ് ജോജിയുടെ സുഹൃത്തും തൃശ്ശൂർ സ്വദേശിയായ ബിജോയി വിൻസെന്റിനെ . എന്നാൽ ലണ്ടൻ യാത്രയിൽ കൂടെയുണ്ടായിരുന്ന ജോയിലിനെയും ലിറോഷിനെയും ഞാൻ ആദ്യം കാണുന്നത് യാത്രയുടെ തുടക്കത്തിൽ മാത്രമാണ്. ഒരാൾ ബിജോയിയുടെ ഭാര്യ ജോസ്നയുടെ സഹോദരനും മറ്റൊരാൾ കസിനുമാണ്. രണ്ടുപേരും കാനഡയിൽ പഠിക്കുന്നു. പിന്നീട് ബിജോയിയുടെ ഒരു ഫാമിലി ഫങ്ക്ഷനോട് അനുബന്ധിച്ച് ഇരുവരെയും തൃശ്ശൂരിൽ വച്ചും കാണുകയുണ്ടായി. സത്യത്തിൽ യാത്രകൾ പൂർണ്ണമാകുന്നത് അടുത്ത സുഹൃത്തുക്കളുടെ സാമിപ്യം കൊണ്ടു കൂടിയാണ്. യാത്രകളിൽ കാണുന്ന സ്ഥലങ്ങളോടൊപ്പം തന്നെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന സൗഹൃദ നിമിഷങ്ങളും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

ശരിക്കും ലണ്ടൻ യാത്രയിൽ ഞങ്ങളുടെ ലീഡർ ബിജോയി ആയിരുന്നു. മിക്കവാറും എല്ലാ യുകെ മലയാളികളും നാട്ടിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് ഒരുക്കുന്ന സ്നേഹ സമ്മാനമാണ് ലണ്ടൻ യാത്ര. ആ രീതിയിൽ പലപ്രാവശ്യം ലണ്ടൻ സന്ദർശിച്ചിട്ടുള്ള ബിജോയിയുടെ അനുഭവ പരിചയം ഏറ്റവും കൂടുതൽ മുതൽ കൂട്ടായത് എനിക്കാണെന്ന് പറയേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓടിയെത്താൻ പറ്റാത്ത സ്ഥലങ്ങളും യാത്രാനുഭവം പകർന്ന് നല്കാൻ പ്രയത്നിച്ച ജോജിക്കും ബിജോയിക്കും ഒരായിരം നന്ദി. ആഗ്രഹിച്ച സ്ഥലങ്ങളിലൂടെയെല്ലാമുള്ള യാത്രയ്ക്കും സൗഹൃദ നിമിഷങ്ങൾക്കും.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള് മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര് സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജില് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.











Leave a Reply