ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ യുകെയിലെ സ്റ്റീൽ വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട് പുറത്ത്. നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതൽ ചർച്ചകൾക്കായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയൻ ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന് കത്തെഴുതിയിട്ടുണ്ട്. തകർച്ചയുടെ വക്കിൽ നിന്നും വ്യവസായത്തെ കരകയറ്റാൻ ഗൗരവമായ നടപടി അടിയന്തിരമായി കൈകൊള്ളണമെന്നാണ് യൂണിയന്റെ ആവശ്യം.
എന്നാൽ, എല്ലാ കാലവും സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും, സ്റ്റീൽ ഇൻഡസ്ട്രിയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു ലാഭകരമാക്കുവാൻ കൂടുതൽ നടപടി കൈകൊള്ളുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, പ്രശ്നങ്ങൾക്ക് കാരണമായ നിരവധി ഘടകങ്ങൾ അവിടെ ഉണ്ടെന്നും, അത് കണ്ടെത്തിയാണ് പരിഹരിക്കേണ്ടതെന്നും യുണൈറ്റിന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ്റ്റീവ് ടർണർ കത്തിൽ പറഞ്ഞു. ഊർജ്ജ ചെലവുകൾ, കാർബൺ നികുതി, നഷ്ടത്തിലായ വിപണി, ഡിമാൻഡ് കുറവ് എന്നിവ ഇവയിൽ പ്രധാന പ്രശ്നങ്ങളാണ്.
യുകെയുടെ സമ്പദ് വ്യവസ്ഥയിൽ സ്റ്റീൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, ഒഴിവാക്കാൻ ഒരു കാരണവശാലും കഴിയിലെന്നും യൂണിയന്റെ കത്തിന് മറുപടിയായി എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്‌മെന്റ് ഔദ്യോദിക വക്താവ് പ്രതികരിച്ചു. എന്നാൽ, സ്റ്റീൽ മേഖലയെ സഹായിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നാണ് ലേബർ ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് പറയുന്നത്. ഫണ്ടിങ് പാക്കേജ് അനുവദിക്കുന്നതിൽ മുതൽ കമ്പനിയെ വളർത്തികൊണ്ട് വരുന്നതിൽ പോലും ആ വീഴ്ച നിലനിൽക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Leave a Reply