ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ തിരികെ അയക്കുകയാണ് സർക്കാർ ഇപ്പോൾ. ഇതുവരെ 19000 കുടിയേറ്റക്കാരെ ആണ് സർക്കാർ തിരികെ അയച്ചത്. ഇതിന് പിന്നാലെ ആശങ്കയിലാണ് പല യുകെ മലയാളികളും. കെയർ വിസ ചതിക്കുഴിയിൽ നിരവധി മലയാളികൾ വീണ സംഭവം നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ചതി സംഭവിച്ച ആലപ്പുഴയിൽ നിന്നുള്ള ആലിസും കുടുംബവും ഇന്ന് നാട്ടിലേക്ക് തിരികെ വിടുന്നവരിൽ ഉൾപ്പെടുന്നു. കെയർ ഹോം വിസയിൽ യുകെയിൽ വരാമെന്ന് വാഗ്ദാനം നൽകിയാണ് ആലിസിനെ ഏജൻറ് ആയ വിജീഷ് എന്ന യുവാവ് ബന്ധപ്പെട്ടത്. എന്നാൽ ഇയാൾ പിന്നീട് മുങ്ങുകയായിരുന്നു. യുകെയിൽ എത്താൻ ആയി ഇയാൾക്ക് നൽകിയ 13 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ യുകെയിൽ എത്താനായി ആലിസിന്റെ നാലംഗ കുടുംബം ചിലവിട്ട ലക്ഷങ്ങളും ഇപ്പോൾ പ്രയോജനം ഇല്ലാതെ വെള്ളത്തിലായിരിക്കുകയാണ്. ഇനി കുടുംബം കേരളത്തിൽ എത്തുമ്പോൾ ഇവരെ കാത്തിരിക്കുന്നത് കടബാധ്യതകൾ ആയിരിക്കും. ഇതിന് പുറമേ നാടുകടത്തൽ ആയതിനാൽ 10 വർഷത്തേക്ക് ഇവർക്ക് വിദേശയാത്ര ചെയ്യാനും സാധിക്കില്ല.

ഇതിനിടെ ആലീസ് സോഷ്യൽ മീഡിയ വഴി തന്റെ അവസ്ഥ പങ്കിട്ടതിനു പിന്നാലെ നിരവധി പേരാണ് സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുമാണ് ആലീസും ഭർത്താവ് ബിജുവും യുകെയിലെത്തിയത്. ഇന്ന് ഹീത്രു എയർപോർട്ടിൽ നിന്നും ഇവരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ ഹോം ഓഫീസ് പൂർത്തിയാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. ആലീസിനും ഭർത്താവിനും രണ്ടു കുട്ടികൾക്കും സംഭവിച്ച ഇതേ അവസ്ഥ കാത്തിരിക്കുകയാണ് ഇപ്പോൾ അനേകായിരം യുകെ മലയാളികൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കെയർ ഹോമുകളിലും മറ്റുമായി ജോലിചെയ്യുന്ന അനേകായിരം മലയാളി ജീവനക്കാർ തങ്ങളെ എപ്പോൾ നാടുകടത്തും എന്ന ആശങ്കയിലാണ് കഴിയുന്നത്. റെയ്ഡിനെ തുടർന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കെയർ ഹോം കമ്പനികൾക്ക് സ്പോൺസർഷിപ്പ് ലൈസൻസ് നഷ്ടമായാൽ ഈ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിസ പുതുക്കി ലഭിക്കില്ല. ഇതോടെ ഇപ്പോൾ ജോലി ചെയ്യുന്ന വിസയുടെ കാലാവധി പൂർത്തിയായാൽ ഇവർ നാട്ടിലേക്ക് വരാൻ നിർബന്ധിതരാകും. ഇത്തരക്കാർ പലരില്‍ നിന്നും വിസ പുതുക്കി വാങ്ങും എന്നു പറഞ്ഞു പത്തു മുതൽ 15 ലക്ഷം വരെ വാങ്ങിയിട്ടുമുണ്ട്. യുകെയിലെത്തി വിസ കാലാവധി അവസാനിക്കുന്ന വരെ ലക്ഷ്യം വെച്ച് പല ഏജന്റുമാരും മലയാളികളിൽ നിന്ന് വിസ ലഭിക്കുമെന്ന വ്യാജേനെ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ഹോം ഓഫീസ് നടത്തുന്ന റെയ്ഡുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ 600 ഓളം പുതിയ ജീവനക്കാരെ കൂടി നിയമിച്ചിരിക്കുകയാണ് സർക്കാർ.

മുൻപ് കെയർ വിസ അപേക്ഷിച്ചവർക്ക് സ്പോൺസർഷിപ്പ് നൽകിയ ഹോം ഓഫീസ് ഇപ്പോൾ ഇവരെ പറഞ്ഞയക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടക്കുന്ന റെയ്ഡുകളും ഇതിന് തെളിവാണ്. ഹോം ഓഫീസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം 4000 പേരാണ് അനധികൃതമായി യുകെയിൽ ജോലി ചെയ്യുന്നതിന്റെ പേരിൽ അറസ്റ്റിലായത്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്നവരുടെ പാസ്പോർട്ടിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ സ്റ്റാമ്പ് പതിപ്പിച്ചാണ് മടങ്ങേണ്ടി വരിക. സാധാരണ നിലയിൽ ഇത്തരക്കാർക്ക് 10 വർഷത്തേക്ക് മറ്റു രാജ്യത്തേക്കുള്ള വിസ ലഭിക്കില്ല.

തങ്ങളുടെ ജീവിതം പടുത്തുയർത്താൻ ഉള്ള തത്രപ്പാടിലാണ് പലരും യുകെയിലേക്കും മറ്റും കുടിയേറാൻ ശ്രമിക്കുന്നത്. എന്നാൽ ഏജന്റുമാരുടെ തട്ടിപ്പിലും മറ്റും ഇരയായ ഇത്തരക്കാർ കൊടും കടബാധ്യതകൾക്ക് ഇരയാവുകയാണ് ഇപ്പോൾ. പലപ്പോഴും ജോലിയെപ്പറ്റി മുഴുവൻ ധാരണയില്ലാതെ 15 മുതൽ 25 ലക്ഷം രൂപ വരെ ചിലവഴിച്ചാണ് പല മലയാളികളും യുകെയിൽ എത്തുന്നത്.