ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യൂറോപ്യൻ സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗതയേറിയ വളർച്ചയായിരിക്കും ഈ വർഷം യു കെ കൈവരിക്കുക എന്ന ഐ എം എഫ് ( ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ) പ്രവചനം പുതിയ പ്രതീക്ഷകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ധനമന്ത്രി റേച്ചൽ റീവ്സിനു മേലുള്ള സമ്മർദ്ദത്തിന് ആശ്വാസം നൽകുന്നതാണ് ഐ എം എഫിന്റെ ഈ റിപ്പോർട്ട്. 2025 ലെ ബ്രിട്ടീഷ് വളർച്ചയെ കുറിച്ചുള്ള പ്രവചനം വെള്ളിയാഴ്ച ഐഎംഎഫ് 0.1 ശതമാനം പോയന്റിൽ നിന്നും 1.6 ശതമാനമായി ഉയർത്തിയതാണ് ഈ ആശ്വാസത്തിന് കാരണം. ഇതോടെ ലോകത്തെ പ്രധാന സമ്പദ് ശക്തികളുടെ കൂട്ടായ്മയായ ജി -7 രാജ്യങ്ങളിൽ, അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് ശക്തിയായി യുകെ മാറും. ലേബർ പാർട്ടിയുടെ നടപടികൾ ഈ വർഷം ഗുണം ചെയ്യുമെന്ന കണ്ടെത്തലാണ് ഐഎംഎഫ് നടത്തിയത്. നിക്ഷേപങ്ങളിലുള്ള വർദ്ധനവ്, മെച്ചപ്പെട്ട ഗാർഹിക ധനകാര്യ സമ്പ്രദായങ്ങൾ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ പലിശനിരക്ക് കുറയ്ക്കൽ എന്നിവ ഈ വർഷം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉയർച്ച നൽകുമെന്ന് ഐഎംഎഫ് വിലയിരുത്തി. ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ 2025-ലെ വളർച്ചയെ കുറിച്ചുള്ള പ്രവചനങ്ങൾ ഐഎംഎഫ് വെട്ടി കുറയ്ക്കുകയാണ് ചെയ്തത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പലിശ നിരക്കുകൾ വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഐ എം എഫ് വിദഗ്ധർ പങ്കുവെച്ചത്. അടുത്ത രണ്ടു വർഷങ്ങളിൽ യു കെ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് ധനകാര്യ മന്ത്രി റേച്ചൽ റീവ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. ജി -7 രാജ്യങ്ങളിൽ യുഎസ് ഒഴിച്ച്, സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ച ഒരേ ഒരു രാജ്യമാണ് യുകെ. ബുദ്ധിപരമായ നിക്ഷേപത്തിലൂടെയും നിരന്തര പരിഷ്കരണത്തിലൂടെയും വളർച്ചയ്‌ക്കായുള്ള ദൗത്യത്തിൽ കൂടുതൽ താൻ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുമെന്നും, മാറ്റത്തിനുള്ള പദ്ധതിയിലൂടെ യുകെയുടെ എല്ലാ ഭാഗങ്ങളിലും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന തങ്ങളുടെ വാഗ്ദാനം നിറവേറ്റുകയും ചെയ്യുമെന്നും റീവ്സ് വ്യക്തമാക്കി. ലേബർ പാർട്ടിക്ക് പ്രതീക്ഷയും ഊർജ്ജവും നൽകുന്നതാണ് ഐ എം എഫിന്റെ ഈ പ്രവചനം.
Leave a Reply