ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇൻഡോ പസഫിക്കൻ മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനായി യുകെ തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നു. പ്രസ്തുത വിഷയത്തിൽ ഇന്ന് കെയർ സ്റ്റാർമർ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സൈനിക സാമ്പത്തിക സാന്നിധ്യം ഈ മേഖലയിൽ വർദ്ധിപ്പിക്കുന്നതിലൂടെ ചൈനയുടെ ഈ മേഖലയിലെ കടന്നു കയറ്റം ചെറുക്കാനാണ് ഈ നീക്കം.


ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ റോയൽ നേവിയുടെ സാന്നിധ്യം വിപുലീകരിക്കുകയും പസഫിക് ദീപ് രാഷ്ട്രങ്ങളുമായി കൂടുതൽ സംയുക്ത പെട്രോളിങ് നടത്തുകയും ചെയ്യും. ലോകത്തിൻ്റെ മറുവശത്ത് തങ്ങളുടെ സഖ്യകക്ഷികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കെതിരെ യുകെയ്ക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാരുടെ യോഗത്തിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുന്നതിനു മുൻപ് ഈ വിഷയത്തിലെ വിശദമായ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാവികസേനയുടെ പട്രോളിംഗ്, സമുദ്ര സുരക്ഷ, അനധികൃത മത്സ്യബന്ധനത്തിനെതിരെ പോരാടുക, ലോകത്തിലെ ഏറ്റവും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ദക്ഷിണ പസഫിക്കിനെ നശിപ്പിക്കുന്ന പ്രകൃതിദുരന്തങ്ങളോട് പ്രതികരിക്കുക എന്നിവ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെടും എന്നാണ് കരുതുന്നത്. നിലവിൽ ഇൻഡോ-പസഫിക്കിൽ യുകെയ്ക്ക് രണ്ട് പട്രോളിംഗ് കപ്പലുകൾ സ്ഥിരമായി വിന്യസിച്ചിട്ടുണ്ട്. ദക്ഷിണ പസഫിക്ക് മേഖലയിലെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള മത്സരം അതിവേഗം മുന്നേറുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഈ മേഖലയിൽ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സൈനിക വത്കരണത്തെ കുറിച്ചുള്ള ആശങ്കകൾക്കും കാരണമാകുന്നുണ്ട്.