ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേയ്ക്കുള്ള വിദ്യാർത്ഥി വിസകളുടെ കാര്യത്തിൽ ലേബർ സർക്കാർ കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായുള്ള വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബിരുദതലത്തിന് താഴെയുള്ള വിദഗ്ധ വിദേശ തൊഴിലാളികൾക്കുള്ള വിസകൾ സമയബന്ധിതമായി പരിമിതപ്പെടുത്തുമെന്ന് ഹോം ഓഫീസ് പ്രഖ്യാപിച്ചു. യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വിശാലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. ഇതോടെ ബിരുദ തലത്തിന് താഴെയുള്ള കോഴ്സുകളിൽ പഠിച്ച യുകെയിൽ ജോലിക്കായി ശ്രമിക്കുന്ന വിദേശ വിദ്യാർഥികളുടെ ഭാവി കടുത്ത അനശ്ചിതത്വത്തിലാവും.
പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതോടെ സ്റ്റാൻഡേർഡ് സ്കിൽഡ് വിസകളിൽ കടുത്ത നിയന്ത്രണങ്ങൾ ആണ് നിലവിൽ വരുന്നത്. ഇത്തരം ജോലികൾക്ക് നേരത്തെ അനുവദനീയമായ വിഭാഗങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്താൻ സർക്കാർ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതായത് റഗുലേറ്റഡ് ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിലും കാര്യമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ പദ്ധതിയിടുന്നത് . ഈ വിഭാഗത്തിൽ ജോലിക്കായി എത്തുന്നവരെ വളരെ കുറഞ്ഞ ഒരു കാലയളവിൽ മാത്രമെ രാജ്യത്ത് തുടരാൻ അനുവദിക്കുകയുള്ളൂ.
ഇനിമുതൽ വിദേശ ജീവനക്കാരെ കൊണ്ടുവരുന്ന മേഖലയിലെ തൊഴിലുടമകൾ ആഭ്യന്തര റിക്രൂട്ട്മെൻ്റും നിശ്ചിത മാനദണ്ഡങ്ങളും പാലിക്കുന്നവരാണെന്ന് കർശനമായ പരിശോധനകൾക്ക് വിധേയമാക്കപ്പെടും. ഇമിഗ്രേഷൻ സംവിധാനത്തിൽ നിയന്ത്രണവും ക്രമവും പുനഃസ്ഥാപിക്കുന്നതിനും, ആഭ്യന്തര പരിശീലനവും വൈദഗ്ധ്യവും വർദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുമുള്ള നിർണായക നടപടി എന്നാണ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഈ പദ്ധതിയെ പ്രശംസിച്ചത്. പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെ സ്കിൽഡ് വിസയിൽ യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
റീഫോം യുകെയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ലേബർ പാർട്ടി സർക്കാർ തുനിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളികളും കടുത്ത ആശങ്കയിലാണ്. റീഫോം യുകെയുടെ മുന്നേറ്റത്തെ തടയിടാൻ കുടിയേറ്റ നയം രൂപീകരിക്കുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ അഭിമുഖീകരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിസയിൽ എത്തിയവരാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply