ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ബ്രിട്ടനിലെ സർവകലാശാലകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായിയുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ അവസാനം വരെയുള്ള വിദ്യാർഥി വിസ അപേക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം ആണ് കുറഞ്ഞത്. ഈ പ്രവണത തുടർന്നാൽ ചില സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം 30 ശതമാനം വരെ ഇടിയുമെന്നാണ് ആശങ്ക.

ആഭ്യന്തര ബിരുദ ഫീസ് വർഷങ്ങളായി £9,250-ൽ മരവിപ്പിച്ചതും സർവകലാശാലകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റത്തെ തുടർന്ന് ഫീസിന്റെ യഥാർഥ മൂല്യം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അന്താരാഷ്ട്ര വിദ്യാർഥികളിൽ നിന്നുള്ള വരുമാനമാണ് പല സ്ഥാപനങ്ങൾക്കും ആശ്രയമായിരുന്നത്. എന്നാൽ വിദേശ വിദ്യാർഥി ഫീസിന് സർക്കാർ ഏർപ്പെടുത്തിയ അധിക ലെവിയും പ്രവേശനത്തിലെ ഇടിവും സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതായി വിദ്യാഭ്യാസ രംഗത്തെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ധനക്ഷാമം മൂലം ജീവനക്കാരുടെ എണ്ണം കുറയ്ക്കലും കോഴ്സുകൾ നിർത്തലാക്കലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോർണ്വാളിലെ പെൻറിൻ ക്യാംപസിൽ ഭൂമിശാസ്ത്ര കോഴ്സുകൾ അവസാനിപ്പിക്കുമെന്ന് എക്സിറ്റർ സർവകലാശാല പ്രഖ്യാപിച്ചതും ഇതിനൊരു ഉദാഹരണമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഏതെങ്കിലും സർവകലാശാല തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ തകരാൻ സാധ്യതയുണ്ടെന്ന് മുൻ സർവകലാശാലാ മന്ത്രി ഡേവിഡ് വില്ലെറ്റ്സ് മുന്നറിയിപ്പ് നൽകി. വിദേശ വിദ്യാർഥി ഫീസിന് മേലുള്ള ലെവി പിൻവലിക്കുകയും സർവകലാശാലകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.











Leave a Reply