ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു കെയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എം പി. രണ്ട് ഡോസ് എടുത്താലും വാക്‌സിനേഷന്‍ നടത്താത്തവരുടെ വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യു കെയുടെ തീരുമാനം. ഇതേത്തുടര്‍ന്ന് യു കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു.

കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഒരു സംവാദ പരിപാടിയില്‍ നിന്നും തന്റെ ഒരു പുസ്തക പ്രകാശനത്തില്‍ നിന്നുമാണ് തരൂരിന്റെ പിന്‍മാറ്റം. രണ്ട് ഡോസ് വാക്‌സിനെടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വറന്റീന്‍ എന്ന തീരുമാനം തെറ്റാണെന്നും തരൂര്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ചയാണ് യു കെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാല് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

അതേസമയം, യു കെയുടെ തീരുമാനത്തെ വംശീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത് യു കെയിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവിടേക്കും വാക്‌സിന്‍ കയറ്റി അയക്കുന്നുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, യു എ ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും യു കെയുടെ പുതിയ വാക്സിൻ ചട്ടം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ നിരീക്ഷണവും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളുമാണ് ഏര്‍പ്പെടുത്തുക.

പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ കോവിഡ് വാക്സീൻ അംഗീകാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ചർച്ചകൾക്ക് യുകെ തയ്യാറായതായി റിപ്പോർട്ടുകളുണ്ട്. യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യയുമായി ചർച്ചകൾ നടത്തി വരികയാണെന്നും സാധ്യമാകുന്ന വേഗത്തിൽതന്നെ രാജ്യാന്തര യാത്രക്കാരെ യുകെയിൽ അനുവദിക്കുമെന്നും ബ്രിട്ടിഷ് ഹൈക്കമ്മീഷൻ വക്താവ് പ്രതികരിച്ചു.

ഇന്ത്യയിൽനിന്ന് യുകെയിലേക്കു പോകുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണം, നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം, യുകെയിലെത്തിയ ശേഷം രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം തുടങ്ങിയവയാണു യുകെയുടെ പുതിയ നിബന്ധനകൾ.