ലണ്ടൻ: െബ്രക്സിറ്റിനു പിന്നാലെ, കുടിയേറ്റ നിയന്ത്രണ തീരുമാനങ്ങളുമായി യു.കെ. വിവിധ ജോലികൾക്കായി ഉന്നത പ്രാവീണ്യമുള്ളവരെ മാത്രം സ്വീകരിച്ചാൽ മതി എന്നതാണ് പുതിയ തീരുമാനം. യൂറോപ്പിൽനിന്ന് കുറഞ്ഞ കൂലിക്ക് അവിദഗ്ധ തൊഴിലാളികളെ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള പദ്ധതി യു.കെ തയാറാക്കി. രാജ്യത്തെത്തുന്നവർക്ക് ഇംഗ്ലീഷ് അറിയണമെന്നത് (സംസാരിക്കാനുള്ള കഴിവ്) നിർബന്ധമാക്കും. വിസക്ക് അപേക്ഷിക്കുേമ്പാൾ, കൃത്യമായ ജോലി ഓഫറും കാണിക്കേണ്ടി വരും. 25,600 പൗണ്ടെങ്കിലും ശമ്പളമില്ലാത്തവർക്ക് വിസ കിട്ടില്ല. എന്നാൽ, മതിയായ ആളില്ലാത്ത നഴ്സിങ് പോലുള്ള മേഖലക്ക് 20,480 പൗണ്ട് ആണെങ്കിലും വിസ നൽകും.
‘സ്വയം തൊഴിലു’മായി എത്തുന്നവരെ ഇനിമേൽ പ്രോത്സാഹിപ്പിക്കില്ല. ഫ്രാൻസും ഇറ്റലിയുമൊക്കെ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഇനി അതിർത്തി കടക്കാനാകില്ല. വിദേശികൾക്ക് വിദഗ്ധ തൊഴിലാളിയായി ജോലി ചെയ്യണമെങ്കിൽ ബിരുദം വേണമെന്നത് ‘എ ലെവൽ’ ആയി കുറക്കും. കലാ-കായിക-സംഗീത മേഖലയിലുള്ളവർ പരിപാടികൾ അവതരിപ്പിക്കാനും മത്സരത്തിനും മറ്റുമായി വരുന്നത് തുടർന്നും പ്രോത്സാഹിപ്പിക്കും. യാഥാർഥ്യബോധമില്ലാത്ത നടപടിയാണിതെന്ന വിമർശനവുമായി പ്രതിപക്ഷവും ചില ബിസിനസ് ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
പോയൻറ് അടിസ്ഥാനത്തിൽ വിവിധ കാര്യങ്ങൾ പരിഗണിച്ച് വിസ അനുവദിക്കാനാണ് തീരുമാനം. അപേക്ഷകരുടെ യോഗ്യത, ശമ്പളം, തൊഴിൽ പരിചയം, വൈദഗ്ധ്യം തുടങ്ങിയവക്ക് വിവിധ പോയൻറുകൾ നൽകും. 70ൽ താഴെ പോയൻറ് ലഭിക്കുന്നവർക്ക് വിസ അനുവദിക്കില്ല. 2021 ജനുവരി ഒന്നിന് ഈ സമ്പ്രദായം നിലവിൽവരും. യൂറോപ്യൻ യൂനിയനിൽനിന്നുള്ളവരെയും അല്ലാത്തവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യവസ്ഥയാണ് നടപ്പിലാക്കുന്നത്. രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും പിന്തുണക്കാനുതകുന്ന തരത്തിൽ വൈദഗ്ധ്യം ഉള്ളവരെ മാത്രം സ്വീകരിക്കുന്ന കുടിയേറ്റ നയമാണ് പോയൻറ് അടിസ്ഥാനത്തിലുള്ള വിസ പദ്ധതി നടപ്പാക്കുന്നതോടെ യാഥാർഥ്യമാവുകയെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ പറഞ്ഞു.
എന്നാൽ, പല കമ്പനികളും നിലനിൽക്കുന്നത് പുറംരാജ്യക്കാരായ തൊഴിലാളികളെ ആശ്രയിച്ചാണെന്ന് വ്യാപാര സമൂഹം അഭിപ്രായപ്പെട്ടു. പുതിയ പദ്ധതി നടപ്പാക്കിയാൽ ആവശ്യത്തിന് തൊഴിലാളികളില്ലാത്ത സ്ഥിതി വരും. വീട്ടുജോലി, രോഗീ പരിചരണം, ഭക്ഷണം വിളമ്പൽ തുടങ്ങിയ രംഗങ്ങളിലൊന്നും മതിയായ ആളില്ലാത്ത അവസ്ഥയാകുമെന്നും അവർ പറഞ്ഞു.
Leave a Reply