ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉപരിപഠനത്തിനായി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പാർട്ട് സ്റ്റഡി വിസയുടെ ഭാഗമായി യുകെയിൽ തുടർന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെർമനന്റ് വിസ ലഭിക്കുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം . രണ്ടുവർഷം യുകെയിൽ പഠനത്തിനായി 35 മുതൽ 50 ലക്ഷം വരെയാണ് ഓരോ വിദ്യാർത്ഥിയും ചിലവഴിക്കേണ്ടതായി വരുന്നത്.


എന്നാൽ യുകെയിൽ പോകാൻ ലക്ഷങ്ങൾ ലോൺ എടുത്ത മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14-ാം തീയതി ഉണ്ടായേക്കാം എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പാർട്ട് സ്റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാർട്ട് സ്റ്റഡി വർക്ക് വിസ റദ്ദാക്കിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിൽ പഠിക്കാൻ എത്തിയവർക്ക് വൻ തിരിച്ചടിയാവും.

മൈഗ്രേഷൻ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ 32 ശതമാനം പേർ മാത്രമാണ് വിസ ലഭിക്കാനുള്ള പരുധിക്ക് മുകളിൽ കഴിഞ്ഞ വർഷം ശമ്പളം നേടിയത് . 2023 മുതൽ 1.20 ലക്ഷം വിദ്യാർഥികളാണ് സ്റ്റുഡൻസ് വിസയിൽ യുകെയിൽ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാർട്ട് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിർദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെയും കെയർ വർക്കർമാരുടെയും ആശ്രിത വിസ നിർത്തലാക്കിയിരുന്നു.