താലിബാന്റെ ബദ്ധശത്രുക്കളായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബാക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവര്‍ ഉടന്‍ തിരികെ പോകണമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അടിയന്തര നിര്‍ദേശം. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഭീഷണിയുണ്ടെന്ന് ബ്രിട്ടീഷ് എംബസി അറിയിച്ചു. പതിനായിരത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനിരിക്കെയാണ് സുരക്ഷാ മുന്നറിയിപ്പ്.

ഐ.എസിന്റെ ഖൊറാസന്‍ യൂണിറ്റാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവിരം. ഇതോടെ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റ് 31ന് മുന്‍പ് മുഴുവന്‍ പേരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബോംബാക്രമണ ഭീഷണി വെല്ലുവിളിയാകുമെന്ന് അമേരിക്കയുടെ രഹസ്യസേനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിലെ ബഗ്രാം, പുള്‍-ഇ-ചര്‍കി എന്നീ ജയിലുകളില്‍ നിന്നും രക്ഷപെട്ട നൂറുകണക്കിന് ഐ.എസ് തീവ്രവാദികളാണ് ഇപ്പോള്‍ ഭീഷണി ആയിരിക്കുന്നത്.

ചിലര്‍ വിമാനത്താവളത്തിന് മുന്നില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായി വിവരങ്ങളുണ്ടെന്ന് താലിബാന്‍ വൃത്തങ്ങളും പറയുന്നു. അഫ്ഗാനിലുള്ള ഐ.എസ് ഖൊറാസന്‍ യൂണിറ്റില്‍ സിറിയയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്ള ഐ.എസിന്റെ പരിചയ സമ്പന്നരായ ജിഹാദികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്നു. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ വിശാല പ്രദേശം എന്ന നിലയിലാണ് ഖൊറാസന്‍ എന്ന പേരിട്ടിരിക്കുന്നത്.

ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഐ.എസ് ഖൊറാസന്‍ അംഗങ്ങളാണ്. 2016 മുതല്‍ കാബൂളിലും പുറത്തും ഇവര്‍ നിരവധി സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.